'ഈ രാജ്യം എന്ന് മാറും'; മാസ്ക് ഇല്ലാത്ത വിംബിൾഡൺ ഫൈനൽ ചൂണ്ടിക്കാട്ടി കോടതി ചോദിക്കുന്നു
text_fieldsമുംബൈ: വിംബിൾഡൺ ടെന്നിസ് ടൂർണമെന്‍റിന്‍റെ പുരുഷ വിഭാഗം സിംഗിൾസ് കലാശപ്പോരാട്ടത്തിൽ ഏവരുടെയും കണ്ണ് ലോക ഒന്നാം നമ്പർ താരമായ നൊവാക് ദ്യോകോവിചിലായിരുന്നു. ഇതിഹാസങ്ങളായ റോജർ ഫെഡററിന്‍റെയും റാഫേൽ നദാലിന്‍റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന അതുല്യ നേട്ടത്തിനൊപ്പമെത്താൻ ദ്യോകോക്കാകുമോ എന്നാണ് ഏവരം ഉറ്റുനോക്കിയിരുന്നത്. എന്നാൽ ബോംബെ ഹൈകോടതിയുടെ നോട്ടം മറ്റൊരിടത്തേക്കായിരുന്നു. വിംബിൾഡൺ ഫൈനൽ കാണാനെത്തിയ കാണികൾ മാസ്ക് ധരിച്ചില്ലെന്ന കാര്യമാണ് കോടതി നിരീക്ഷിച്ചത്.
എന്നാണ് ഇന്ത്യ ഇതേപോലെ സാധരണഗതിയിലേക്ക് മടങ്ങിപ്പോകുകയെന്നാണ് കോടതി ചോദിച്ചത്. എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുക എന്നതാണ് ഇതിനുള്ള പോംവഴിയെന്നാണ് കോടതി പറയുന്നത്.
മഹാരാഷ്ട്ര സർക്കാർ കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നടത്തുന്ന ഒരുക്കങ്ങളെ കുറിച്ചുള്ള ഒരു പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് ജി.എസ്. കുൽക്കർണിയുമടങ്ങിയ ഡിവിഷൻ ബെഞ്ച്.
'ഈ വർഷത്തെ മികച്ച ഒരു കാഴ്ചയായിരുന്നു വിംബിൾഡൺ ഫൈനൽ. നിങ്ങൾ അത് കണ്ടോ ഇല്ലേ എന്ന് അറിയില്ല. ഒരാൾ േപാലും മാസ്ക് ധരിച്ചിരുന്നില്ല' -ഹൈകോടതി അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോനി പറഞു. 'സ്റ്റേഡിയത്തിൽ നിറെയ കാണികളായിരുന്നു. ഒരു വനിത ഒഴികെ മറ്റെല്ലാവരും മാസ്ക് ധരിച്ചിരുന്നു. കളി കാണാനെത്തിയ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവും മാസ്ക് ധരിച്ചിരുന്നില്ല' -ജഡ്ജി പറഞ്ഞു.
'അത്തരമൊരു സാഹചര്യത്തിലേക്ക് ഈ രാജ്യം എന്ന് മാറും? എല്ലാവർക്കും കുത്തിവെപ്പ് നൽകുകയാണ് അതിനായി ചെയ്യേണ്ടത്'-ഹൈകോടതി പറഞ്ഞു. ഇന്ത്യയിൽ രണ്ട് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. രോഗവ്യാപനത്തിന് അൽപം ശമനമുണ്ടെങ്കിലും പ്രതിരോധത്തിൽ വീഴ്ച വരുത്താൻ പാടില്ലെന്നും ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. മൂന്നാഴ്ചക്ക് ശേഷം ഹരജി കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.