‘ഭയപ്പെടുമ്പോഴൊക്കെ രാജാവ് ഹിന്ദു-മുസ്‍ലിം എന്നുപറഞ്ഞ് രംഗത്തെത്തുന്നു, പെരുംനുണകൾ ഇനിയെങ്കിലും നിർത്തണം’ -പവൻ ഖേഡ
text_fieldsകോട്ട (രാജസ്ഥാൻ): തെരഞ്ഞെടുപ്പിൽ തോൽവി പിണയുമെന്ന ആശങ്ക കാരണമാണ് ഹിന്ദുക്കളെയും മുസ്‍ലിംകളെയും ഭിന്നിപ്പിച്ച് വോട്ടുപിടിക്കുകയെന്ന തന്ത്രവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ. ഭയപ്പെടുമ്പോഴൊക്കെ ‘രാജാവ്’ ഹിന്ദു-മുസ്‍ലിം എന്നുപറഞ്ഞ് രംഗത്തെത്തുന്നത് പതിവാണ്. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഹിന്ദു എന്നോ മുസ്‍ലിം എന്നോ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ മോദിയെ പവൻ ഖേഡ വെല്ലുവിളിച്ചു. കോട്ടയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യുവജനങ്ങൾ, വനിതകൾ, കർഷകർ, ഗോത്ര വിഭാഗക്കാർ, മധ്യവർഗക്കാർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ ഭിന്നതലങ്ങളിലുള്ള എല്ലാവരോടും പുലർത്തേണ്ട നീതിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി രംഗത്തുവന്ന മോദി പറയുന്നത് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങളാണ് അതെന്നാണ്. എന്തൊരു നുണയാണിത്. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഹിന്ദു, മുസ്‍ലിം എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ മോദിയെ ഞാൻ വെല്ലുവിളിക്കുകയാണ്.
ഇത്രമാത്രം പൊള്ളയായ ചിന്താഗതികളാണോ നിങ്ങളുടെ മനസ്സിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലുമുള്ളത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന് നിങ്ങൾ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ നിങ്ങൾ കള്ളങ്ങൾക്കു പിന്നാലെ കള്ളങ്ങൾ ജനങ്ങൾക്കു മുമ്പിൽ നിർലജ്ജം അവതരിപ്പിക്കുകയാണ്. നിങ്ങളുടെ ഗ്യാരണ്ടികൾ വലിയ നുണയാണ്. നിങ്ങളുടെ വാഗ്ദാനങ്ങളും നുണകളുടെ വമ്പൻ കൂട്ടമാണ്. രാജ്യത്തിലെ ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും പേരിൽ ഇപ്പോൾ പെരുംനുണയുമായി രംഗത്തെത്തിയിരിക്കുകയാണ് താങ്കൾ. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ നിങ്ങൾ പറയുന്നതുപോലെ മതത്തിന്റെ പേരിലുള്ള കള്ളികളല്ല ഉള്ളത്. അത് ഇന്നാട്ടിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയെക്കുറിച്ചാണ് പറയുന്നത്.
കഴിഞ്ഞ പത്തുവർഷം നിങ്ങൾ ഇന്നാട്ടിൽ നടത്തിയ പൊള്ളത്തരങ്ങൾ ഞങ്ങൾ തുറന്നുകാട്ടുകയാണ്. ഹിന്ദുവും മുസൽമാനുമെന്ന പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താൻ നിങ്ങൾ നടത്തിയ കാര്യങ്ങൾ ഞങ്ങൾ പറയുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയക്കുമ്പോൾ വീണ്ടും ‘ഹിന്ദു-മുസ്‍ലിം’ എന്നതുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നിങ്ങൾ പെരുംനുണകൾ പറയുന്നത് ഇനിയെങ്കിലും നിർത്തണം. കോൺഗ്രസ് പ്രകടന പത്രികയെക്കുറിച്ച് ഈ വലിയ നുണ നിങ്ങൾ ഉയർത്തിവിട്ടതോടെ ഞങ്ങളുടെ പ്രകടനപത്രികയെക്കുറിച്ച് ജനം പഠിക്കും. അത് ഈ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് കരുത്തുപകരും’ -പവൻ ഖേഡ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.