‘300 കിലോ ആർ.ഡി.എക്സ് എവിടെ നിന്നു വന്നു’; പുൽവാമ ആക്രമണ വാർഷികത്തിൽ ചോദ്യവുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സുരക്ഷാ സേനക്കെതിരായ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായ പുൽവാമ ആക്രമണത്തിന്റെ ആറാമത് വാർഷിക സ്മരണയിലാണ് രാജ്യം. 2019 ഫെബ്രുവരി 14 ന് ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ലെത്‌പൊര-പുൽവാമയിൽ വെച്ച് ജെയ്‌ശെ മുഹമ്മദ് ചാവേർ സ്‌ഫോടകവസ്തു നിറച്ച കാർ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് 40 ജവാന്മാർ കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ വ്യോമസേന പാക്കിസ്താനിലെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ച് തിരിച്ചടിച്ചു.
ഈ ദിവസത്തിന്റെ ആഗോള പ്രാധാന്യവും ഇന്ത്യയുടെ കൂട്ടായ ദുഃഖവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര പോൾ അനുസ്മരിച്ചത്. ‘ഇന്ന് ലോകം വാലന്റെയ്ൻസ് ദിനം ആഘോഷിക്കുന്നുണ്ടാകാം. എന്നാൽ, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഈ ദിവസം നമ്മുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി നിലനിൽക്കും. ഈ ദിവസം തന്നെയാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ മാതൃരാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം സഹിച്ച് നമ്മുടെ 40 ഓളം ധീര സൈനികരുടെ ജീവൻ അപഹരിച്ച ഒരു ക്രൂരമായ ആക്രമണം. ജയ് ഹിന്ദ്! @narendramodi’ -പോൾ എക്‌സിൽ എഴുതി.
‘പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ ധീര ജവാന്മാർക്ക് എന്റെ ഹൃദയംഗമമായ അഭിവാദ്യം. എളിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു’വെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസയമം, ഈ സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നു. അതിൽ ശ്രദ്ധേയമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് ബി.ജെ.പി സർക്കാറിനെ ചോദ്യം ചെയ്ത് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തത്.
‘ആ 300 കിലോഗ്രാം ആർ.ഡി.എക്സ് എവിടെ നിന്നാണ് ലഭിച്ചത്? ആക്രമണത്തിനു ശേഷം മോദിജി ജമ്മു കശ്മീർ ഗവർണറെ നിശബ്ദനാക്കി ഭീഷണിപ്പെടുത്തിയത് എന്തിനാണ്? കൊല്ലപ്പെട്ട സി.ആർ.പി.എഫ് സൈനികരുടെ കുടുംബങ്ങൾക്കും രാജ്യത്തിന് മുഴുവനായും ഇത് ആരുടെ കാരണത്താലാണ് സംഭവിച്ചതെന്ന് അറിയാൻ അവകാശമുണ്ട്. ആരുടെ ഉത്തരവാദിത്തമാണ് ഇതിലുള്ളത്? -ചിബ് വിഡിയോയിൽ ചോദിച്ചു.
‘ഒരിക്കലും മറക്കരുത്, ഒരിക്കലും ക്ഷമിക്കരുത്! സി.ആർ.പി.എഫിന് അവരുടെ വാഹനവ്യൂഹം കൊണ്ടുപോകാൻ ആഭ്യന്തര മന്ത്രാലയം അഞ്ചു വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ നമ്മുടെ 40 സൈനികർ വീരമൃത്യു വരിക്കില്ലായിരുന്നു‘ -കോൺഗ്രസ് നേതാവ് സരൾ പട്ടേലും പറഞ്ഞു.
രാജ്യത്തിന് വേണ്ടി മരിക്കുന്നവർ അനശ്വരരാകുമെന്ന് നടൻ അക്ഷയ് കുമാർ പറഞ്ഞു. ‘പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിന് പ്രണാമം. ഞങ്ങൾ അവരെ എപ്പോഴും ഓർക്കുകയും അവരുടെ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യും. ജയ് ഹിന്ദ്!’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
പുൽവാമ ആക്രമണത്തിൽ പരമമായ ത്യാഗം സഹിച്ച സി.ആർ.പി.എഫ് ജവാന്മാരുടെ ധീരഹൃദയങ്ങളെ ഓർക്കുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.