25 വർഷമായി ആ കരസേന ഉദ്യോഗസ്ഥൻ എവിടെയാണുള്ളത്?; വിവരങ്ങൾ കേന്ദ്രം മാതാവിനെ അറിയിക്കണമെന്ന് കോടതി
text_fieldsന്യൂഡൽഹി: പാകിസ്താൻ ജയിലിൽ 25 വർഷമായി കഴിയുകയാണെന്നു സംശയിക്കുന്ന കരസേന ഉദ്യോഗസ്ഥനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥന്റെ മാതാവിനെ അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സൈനിക നടപടിക്കിടെ കാണാതായ ക്യാപ്റ്റൻ സൻജിത് ഭട്ടാചാര്യയെ കുറിച്ചുള്ള വിവരങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ട് 84 കാരിയായ മാതാവ് കമ്ല ബട്ടാചർജി നൽകിയ ഹരജിയിലാണ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
1997 ൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അന്താരാഷ്ട്ര അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൻജിതിനെ പാക് പട്ടാളം പിടികൂടി ലാഹോറിലെ കോട്ട് ലക്പത് ജയിലിൽ അടച്ചിരിക്കുകയാണെന്നാണ് ലഭിച്ച വിവരമെന്ന് മാതാവ് പറയുന്നു.
ക്യാപ്റ്റനുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച് ഓരോ മൂന്നു മാസത്തിനുള്ളിലും മാതാവിനെ അറിയിക്കണമെന്നും നയതന്ത്രതലത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, സൻജിത് തങ്ങളുടെ ജയിലിൽ ഉണ്ടെന്നത് പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.