വോട്ടിങ് യന്ത്രത്തിന്റെ സോഴ്സ് കോഡെവിടെ..?; ഉത്തരമില്ലാതെ മന്ത്രി കിരൺ റിജിജു
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രത്തിന്റെ (ഇ.വി.എം) സോഴ്സ് കോഡിന്റെ സുരക്ഷയെക്കുറിച്ച് കോൺഗ്രസ് അംഗം പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ നിയമ മന്ത്രി ഒഴിഞ്ഞുമാറി.
കോൺഗ്രസ് എം.പി മനീഷ് തിവാരിയാണ് ചോദ്യം ഉന്നയിച്ചത്. വോട്ടിങ് യന്ത്രങ്ങളുടെ സോഴ്സ് കോഡ്, യന്ത്രം നിർമിച്ച കമ്പനിയുടെ പക്കലാണോ അതോ തെരഞ്ഞെടുപ്പ് കമീഷന്റെ പക്കലാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്നായിരുന്നു മനീഷ് തിവാരി ആവശ്യപ്പെട്ടത്.
ഇ.വി.എമ്മിനെ കുറിച്ച് ഒരു ചോദ്യവും ഉന്നയിക്കേണ്ടെന്നും നിർമിച്ച കമ്പനികൾ കൈമാറുന്ന യന്ത്രങ്ങൾ സൂക്ഷിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനം ലോകത്തിൽ തന്നെ കുറ്റമറ്റതാണെന്നും പറഞ്ഞ് ഒഴിയാനാണ് നിയമ മന്ത്രി കിരൺ റിജിജു ശ്രമിച്ചത്. 'കമ്പനി യന്ത്രങ്ങൾ നിർമിച്ച് തെരഞ്ഞെടുപ്പ് കമീഷനെ ഏൽപിച്ചാൽ പിന്നെ അവർക്കെങ്ങനെയാണ് അത് നിയന്ത്രിക്കാനാവുക..? ഇ.വി.എമ്മിനെ കുറിച്ച് ഒരു ചോദ്യവും വേണ്ടെന്നും അതേക്കുറിച്ച് ഒരു അനുമാനത്തിനും തയാറല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും വ്യക്തമായ മറുപടി വേണമെന്നും, മറുപടി ഇല്ലെങ്കിൽ അത് സഭയിൽ പറയണമെന്നും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കോൺഗ്രസ് അംഗം വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർള തുടരാൻ അനുവദിച്ചില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിജയകരമായി സംഘടിപ്പിക്കുന്ന കമീഷനെ അഭിനന്ദിച്ച് സ്പീക്കർ ചർച്ച അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.