‘ബാലറ്റ് പേപ്പറിൽ എന്തിനാണ് മാർക്ക് ചെയ്തത്? ആരാണതിന് അധികാരം നൽകിയത്?’ -അനിൽ മസീഹിനോട് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: അട്ടിമറിയിലൂടെ ബി.ജെ.പി വിജയിച്ച ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരി സത്യസന്ധമായി മറുപടി നൽകിയില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതിയുടെ താക്കീത്. വരണാധികാരി അനിൽ മസീഹിനെ വിളിച്ചുവരുത്തിയ കോടതി, ബാലറ്റ് പേപ്പറുകളിൽ എന്തിനാണ് മാർക്ക് ചെയ്തതെന്നും അതിന് ആര് അധികാരം നൽകിയെന്നും ചോദിച്ചു. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ചൊവ്വാഴ്ച ഹാജരാക്കാനും നിർദേശം നൽകി. ഇവ ഉച്ചക്ക് രണ്ടിന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും സുരക്ഷിതമായി ഡൽഹിയിലേക്ക് കൊണ്ടുവരാൻ ജുഡീഷ്യൽ ഓഫിസറെ നിയോഗിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകി. കഴിഞ്ഞദിവസം മൂന്ന് ആം ആദ്മി പാർട്ടി കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ‘കുതിരക്കച്ചവട’മാണ് നടക്കുന്നതെന്ന ആശങ്കയും കോടതി പരാമർശിച്ചു.
മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫിസറെക്കൊണ്ട് വോട്ടുകൾ എണ്ണിക്കണമെന്ന് ആദ്യം നിർദേശിച്ചെങ്കിലും ബാലറ്റ് പേപ്പറുകൾ പരിശോധിച്ചശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണ് കേസിൽ വാദംകേൾക്കുന്ന മറ്റു ജഡ്ജിമാർ.
അതേസമയം, ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നായിരുന്നു വരണാധികാരി അനിൽ മസീഹിന്റെ മറുപടി. അവ്യക്തമായ എട്ട് ബാലറ്റുകളിൽ താൻ എക്സ് എന്ന് രേഖപ്പെടുത്തിയെന്നും ഇതിനിടെ ആം ആദ്മി പാർട്ടി കൗൺസിലർമാർ ബഹളമുണ്ടാക്കി ബാലറ്റ് പേപ്പർ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം മറുപടി നൽകി. ഇതേത്തുടർന്നായിരുന്നു സുപ്രീംകോടതിയുടെ താക്കീത്.
കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഞായറാഴ്ച രാത്രി മേയർ മനോജ് സോങ്കർ രാജിവെച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എ.എ.പി സഖ്യം വിജയം ഉറപ്പിച്ചിരിക്കെ, ബാലറ്റ് പേപ്പറിലെ കൃത്രിമം വഴി ബി.ജെ.പി അട്ടിമറി വിജയം നേടിയത് ചോദ്യംചെയ്ത് എ.എ.പി കൗൺസിലറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.