ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് രാജ് താക്കറെ എവിടെയായിരുന്നുവെന്ന് ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. മഹാരാഷ്ട്രയിൽ നടക്കാന്‍ പോകുന്ന ഏത് ആക്രമണത്തെയും നേരിടാന്‍ സർക്കാറിന് ശേഷിയുണ്ടെന്ന് പാർട്ടി വക്താവ് സച്ചിൻ അഹിർ വ്യക്തമാക്കി. ചിലർ നിക്ഷിപ്ത താൽപര്യത്തോടെ ആഖ്യാനങ്ങൾ മാറ്റാന്‍ ശ്രമിക്കുമ്പോൾ പാർട്ടി വക്താക്കൾ എന്ന നിലയിൽ അത്തരം തന്ത്രങ്ങൾ നേരിടാനും ശിവസേനയുടെ പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കിതരാനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ പൊള്ളയായ ഹിന്ദുത്വത്തെ തുറന്നുകാട്ടാന്‍ ഉദ്ധവ് താക്കറെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതായി അഹിർ പറഞ്ഞു. രാജ് താക്കറെയുടെ ഔറംഗബാദിലെ റാലിക്ക് മുന്നോടിയായി നടന്ന യോഗത്തിൽ നടപടികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തപ്പോൾ രാജ് താക്കറെ എവിടെയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
1992ൽ നിരവധി ശിവസേനാ പ്രവർത്തകർക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ രാജ് താക്കറയെപോലുള്ളവർ ഇതിനു വേണ്ടി വിയർപ്പൊഴുക്കിയിട്ടില്ലെന്നും ആ സമയത്ത് അവർ തങ്ങളുടെ മാളങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും സജ്ഞയ് റാവത്ത് കുറ്റപ്പെടുത്തി. ശിവസേനയുടെ ഹിന്ദുത്വത്തെ ആക്രമിക്കാൻ ബി.ജെ.പി ഇറക്കിയ ഹിന്ദു ഒവൈസികളാണ് എം.എന്‍.എസെന്ന് റാവത്ത് ആവർത്തിച്ചു. ഇത് ഒരു ദിവസം ബൂമറാങ്ങ് പോലെ ബി.ജെ.പിയെ ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് മൂന്നിനകം മഹാരാഷ്ട്രയിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കംചെയ്യണമെന്നാണ് എം.എന്‍.എസ് തവലന്‍ രാജ്താക്കറെ സർക്കാറിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഉച്ചഭാഷിണികൾ നീക്കം ചെയ്യാത്ത പക്ഷം പാർട്ടി പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാന്‍ ചാലിസ വായിക്കുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.