മനീഷ് സിസോദിയക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിനും ഏജൻസികൾക്കും കനത്ത തിരിച്ചടിയായ നിരീക്ഷണത്തിൽ ഡൽഹി മദ്യനയത്തിന്റെ കൈക്കൂലിപ്പണം ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കൈയിലെത്തിയതിനോ അദ്ദേഹം ഉപയോഗിച്ചതിനോ തെളിവില്ലെന്ന് സുപ്രീംകോടതി.
മനീഷ് സിസോദിയയുടെ കൈയിൽ അഴിമതിപ്പണമില്ലാതെ അദ്ദേഹം അതുപയോഗിക്കുകയും ചെയ്യാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അനധികൃത പണമിടപാട് തടയൽ നിരോധന നിയമം (പി.എം.എൽ.എ) അദ്ദേഹത്തിനെതിരെ എങ്ങനെ ചുമത്തുമെന്ന് സുപ്രീംകോടതി ചോദിച്ചു.
മാപ്പുസാക്ഷിയായി കൂറുമാറിയ കേസിലെ പ്രതി ദിനേശ് അറോയുടെ മൊഴി തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിസോദിയ കൈക്കൂലി വാങ്ങിയതിന് മറ്റു വല്ല തെളിവുകളുമുണ്ടെങ്കിൽ അത് ഹാജരാക്കാൻ ആവശ്യപ്പെട്ട് വാദം തുടരാനായി സിസോദിയയുടെ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം കിട്ടിയ ശേഷം കൂറുമാറി കേന്ദ്ര ഏജൻസികളുടെ മാപ്പുസാക്ഷിയായി മാറിയ ദിനേശ് അറോറയുടെ മൊഴി മുഖ്യതെളിവാക്കി മുതിർന്ന ആപ് നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങിനെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അതേ നേരത്താണ് അറോറയുടെ മൊഴി രണ്ട് മിനിറ്റിനകം തകർന്നുവീഴുമെന്ന് സുപ്രീംകോടതിയിൽ ജസ്റ്റിസ് ഖന്ന ഓർമിപ്പിച്ചത്.
സി.ബി.ഐ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞ ഡൽഹി മദ്യനയക്കേസിൽ 30 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ഇ.ഡി മാറ്റിപ്പറഞ്ഞുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയ അഴിമതി നടത്തിയതിന് തെളിവെവിടെ എന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവർത്തിച്ചു ചോദിച്ചിട്ടും വ്യക്തമായ തെളിവ് നൽകാനാകാതെ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കുഴങ്ങി.
മദ്യനയത്തിൽ ഒരു മാറ്റമുണ്ടായെന്നും തങ്ങൾക്ക് ഗുണം കിട്ടുന്ന മാറ്റത്തിനായി ഓരോരുത്തരും ആഗ്രഹിച്ചുവെന്നും കോടതി മനസ്സിലാക്കുന്നു. ഓരോ നയം മാറ്റത്തിലും സ്ഥാപിത താൽപര്യക്കാരും സമ്മർദ ഗ്രൂപ്പുകളുമുണ്ടാകും. എന്നാൽ, അതിനായി കൈക്കൂലി വാങ്ങാനാവില്ല. കൈക്കൂലിപ്പണം കൈമാറിയെന്ന് തെളിയിക്കാതെ അതൊരു കുറ്റകൃത്യവുമാവില്ല.
ഇത്തരം കേസുകളിൽ അഴിമതിപ്പണം ഒളിപ്പിച്ചുവെച്ചിരിക്കാമെന്നാണ് പറയുന്നതെങ്കിൽ അത് പുറത്തുകൊണ്ടുവരാൻ ഏജൻസികൾക്ക് കഴിയണം. പണം വാങ്ങിയെന്ന് തെളിയിക്കാനായില്ലെങ്കിൽ പി.എം.എൽ.എ പ്രകാരം അറസ്റ്റിലായ വ്യക്തിയോട് കുറ്റകൃത്യത്തിന്റെ പ്രക്രിയയിൽ അദ്ദേഹം എങ്ങനെ പങ്കാളിയായി എന്ന് പറയേണ്ടതുണ്ട്.
മറ്റാരെങ്കിലും വാങ്ങിയതിനും മറ്റാരെങ്കിലും ഉപയോഗിച്ചതിനും സിസോദിയയെ പറയാനുമാവില്ല. കുറ്റം ചെയ്യാൻ മനീഷ് സിസോദിയ പ്രേരിപ്പിച്ചതിനും ഇ.ഡിയുടെ പക്കൽ തെളിവില്ല. അപ്പോൾ പിന്നെ ഡൽഹി മദ്യനയത്തിൽ സിസോദിയ അനധികൃത പണമിടപാട് നടത്തി എന്ന് ഇ.ഡി എങ്ങനെ സ്ഥാപിക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.