ഗാൽവനിലും തവാങ്ങിലും പ്രകടമായത് ഇന്ത്യൻ സേനയുടെ ധീരത; എത്ര പ്രശംസിച്ചാലും മതിയാകില്ല -രാജ്നാഥ്സിങ്
text_fieldsന്യൂഡൽഹി: ഗാൽവൻ താഴ്വരയിലും ഈയടുത്ത് അരുണാചൽ പ്രദേശിലെ തവാങ് മേഖലയിലും സൈന്യം നടത്തിയ ധീരോദാത്തമായ ചെറുത്തുനിൽപ്പിനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ വ്യവസായ ചേംബറിൽ (എഫ്.ഐ.സി.സി.ഐ) സംസാരിക്കുകയായിരുന്നു മന്ത്രി. ചൈന ഉയർത്തുന്ന ഭീഷണി സർക്കാർ കുറച്ചുകാണുകയും വിഷയത്തിൽ ഉറക്കം നടിക്കുകയുമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രസംഗം.
അസത്യങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും രാഹുലിന്റെ പ്രസ്താവന സൂചിപ്പിച്ച് രാജ്നാഥ് സിങ് തുടർന്നു. പ്രതിപക്ഷത്തുള്ള ഒരു നേതാവിന്റെയും ഉദ്ദേശശുദ്ധി ഞങ്ങൾ ചോദ്യം ചെയ്തിട്ടില്ല. നയങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തുക മാത്രമാണ് ചെയ്തത്. സത്യാധിഷ്ഠിതമാകണം രാഷ്ട്രീയം. സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുന്നതിന്റെ പേരാണ് 'രാജ്നീതി' (രാഷ്ട്രീയം). എപ്പോഴും ഉദ്ദേശശുദ്ധിയിൽ സംശയമുന്നയിക്കുന്നതിന്റെ കാരണമെന്തെന്ന് മനസിലാകുന്നില്ല.
വൻശക്തിയായി ആഗോള നൻമക്കും അഭിവൃദ്ധിക്കുമായി നിലകൊള്ളാൻ ഇന്ത്യ ഉദ്ദേശിക്കുന്നു. മറ്റേതെങ്കിലും രാജ്യത്തിന്റെ ഇഞ്ച് ഭൂമി പോലുംപിടിച്ചെടുക്കാനുള്ള താൽപര്യം ഇന്ത്യക്കില്ല. സാമ്പത്തിക പരിഷ്‍കാരങ്ങൾവഴി ചൈനക്ക് വൻ വികസനക്കുതിപ്പുണ്ടായ കാര്യവും രാജ്നാഥ് വിശദീകരിച്ചു. 21ാം നൂറ്റാണ്ടിൽ ഇന്ത്യ വീണ്ടും ലോകത്തെ പത്തുവലിയ സമ്പദ്‍വ്യവസ്ഥകളിലൊന്നായി മാറിയെങ്കിലും വേണ്ട വിധത്തിലുള്ള വികസനം നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.