രാമക്ഷേത്രത്തിലോ ഗുരുവായൂർ ക്ഷേത്രത്തിലോ അഹിന്ദുക്കളെ ഭരണസമിതിയിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് കെ.സി വേണുഗോപാൽ
text_fieldsന്യൂഡൽഹി: ലോക്സഭയിൽ വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. അമുസ്‍ലിംകളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ അദ്ദേഹം, നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്നുകയറ്റമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അയോധ്യയിലെ രാമക്ഷേത്രത്തിലെയും ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെയും ഭരണസമിതികളിൽ അഹിന്ദുക്കളെ ഉൾപ്പെടുത്താൻ കഴിയുമോയെന്നും വേണുഗോപാൽ ചോദിച്ചു.
ബിൽ ഭരണഘടനക്ക് എതിരായ ആക്രമണമാണ്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ പഠിപ്പിച്ച പാഠം നിങ്ങൾ തിരിച്ചറിഞ്ഞില്ല. ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണിത്. ആരാധാന സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണ്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികൾക്കും ജൈനന്മാർക്കും പിന്നാലെയും പോകുമെന്നും ഇത്തരം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങൾ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ബില്ലിനെതിരെ ലോക്സഭയിൽ ഉയർത്തിയത്. ബില്ലിൽ ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധനക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
ബില്ലിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിർക്കുന്ന ഇൻഡ്യ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. വഖഫ് ഭേദഗതി ബിൽ ഭൂമി വിൽപനക്കുള്ള ബി.ജെ.പി അംഗങ്ങളുടെ താൽപര്യാർഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ബി.ജെ.പി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ മുസ്‌ലിംകളുടെ ശത്രുവാണ് എന്നാണ് അസദുദ്ദീൻ ഉവൈസി ബില്ലിനെ വിമർശിച്ച് പറഞ്ഞത്.
വഖഫ് ഭേദഗതിയെ കുറിച്ച് എം.പിമാർ അറിഞ്ഞത് പാർലമെന്‍റിൽ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും സുപ്രിയ സുലെ എം.പി കുറ്റപ്പെടുത്തി. ബില്ലുകൾ അവതരിപ്പിക്കാനുള്ള പുതിയ വഴി ഇതാണോ എന്നും വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്ഥാപനങ്ങൾ ഭരിക്കുന്നതിനുള്ള ആർട്ടിക്കിൾ 30ന്‍റെ നേരിട്ടുള്ള ലംഘനമാണിതെന്നും ഈ ബിൽ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്നും ഡി.എം.കെ എം.പി കനിമൊഴി ചൂണ്ടിക്കാട്ടി.
ബില്ലിൻ്റെ പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‍ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി. വഖഫ് കൗൺസിലും വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കലക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു-മുസ്‍ലിം ഐക്യം തകർക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തി. വഖഫ് ബോർഡിന്‍റെയും വഖഫ് കൗൺസിലിന്‍റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കിയാൽ അത് തീർച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്നെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിൽ മുസ്‌ലിം സഹോദരങ്ങൾക്ക് നീതി നൽകുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കില്ലെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു മറുപടി നൽകി. വഖഫ് കൗൺസിലിനെയും ബോർഡിനെയും ശാക്തീകരിക്കാനാണ് ബിൽ അവതരിപ്പിക്കുന്നത്. മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ല. ബിൽ ഇതിനകം വിതരണം ചെയ്തതാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു. പലയിടത്തും വഖഫ് ഭൂമി മാഫിയകളുടെ കൈയിലാണ്. കൈയേറ്റത്തിനെതിരെ 194 പരാതികൾ കഴിഞ്ഞ വർഷം മാത്രം ലഭിച്ചു. കഴിഞ്ഞ 10 വർഷമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണെന്നും ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.