തമിഴ്നാട് ഗവർണറെ പുറത്താക്കാൻ രാഷ്ട്രപതി തയാറാകണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: തമിഴ്നാട് ഗവർണറെ ആർ.എൻ രവിയെ പുറത്താക്കാൻ രാഷ്ട്രപതി തയാറാകണമെന്ന് കോൺഗ്രസ്. സെന്തിൽ ബാലാജിയെ പുറത്താക്കി മണിക്കൂറുകൾക്കകം തിരിച്ചെടുത്തത് സംബന്ധിച്ച വിവാദം ശക്തമാകുന്നതിനിടെയാണ് ആവശ്യം. കോൺഗ്രസ് എം.പി മനീഷ് തിവാരിയാണ് തമിഴ്നാട് ഗവർണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.
ഒരു അഭിഭാഷകന്റേയും ഉപദേശമില്ലാതെയാണ് തമിഴ്നാട് ഗവർണർ സെന്തിൽ ബാലാജിയെ പുറത്താക്കിയതെന്ന് മനീഷ് തിവാരി പറഞ്ഞു. ഒരു മന്ത്രിയെ പുറത്താക്കാൻ ഭരണഘടന ഗവർണർക്ക് അധികാരം നൽകുന്നുണ്ടെന്ന് ഉപദേശിക്കാൻ ഒരു അഭിഭാഷകനുമാവില്ല. കുറ്റം തെളിയുന്നത് വരെ സെന്തിൽ ബാലാജി നിരപരാധിയാണെന്നും മനീഷ് തിവാരി പറഞ്ഞു.
ഭരണഘടനയുടെ 164ാം ആർട്ടിക്കിൾ പ്രകാരം മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഗവർണർക്ക് മന്ത്രിയെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗവർണർ ആർ.എൻ രവി പിന്മാറിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് അസാധാരണ നീക്കത്തിലൂടെ സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിയാലോചന നടത്താതെയായിരുന്നു തീരുമാനം. മന്ത്രിയെ പുറത്താക്കാനുള്ള തീരുമാനം ഗവർണർ താൽക്കാലികമായി മരവിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മന്ത്രിയെ പുറത്താക്കുന്നത് സംബന്ധിച്ച് ഗവർണർ അറ്റോണി ജനറലിനോട് നിയമോപദേശം തേടിയെന്നാണ് സൂചന. തീരുമാനം മരവിപ്പിച്ച വിവരം മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും ഗവർണർ അറിയിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ ഗവർണറോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.