ആരാണ് ഏറ്റവും വലിയ അഴിമതിക്കാർ; നാട് വികസിക്കാൻ ആര് ഭരിക്കണം -ഉത്തരവുമായി കർണാടക ജനത
text_fieldsബംഗളൂരു: ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് ഏത് പാർട്ടിയാണെന്ന് ചോദ്യത്തിന് ബി.ജെ.പിയെന്ന കൃത്യമായ ഉത്തരവുമായി കർണാടക ജനത. എൻ.ഡി.ടി.വി ലോക്നീതി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ ജനകീയ വോട്ടെടുപ്പിലാണ് അവർ അഭിപ്രായം പങ്കുവെച്ചത്.
ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നതെന്നാണ് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ആണെന്ന് 35 ശതമാനവും അഭിപ്രായം രേഖപ്പെടുത്തി. വികസനമുണ്ടാകാൻ കോൺഗ്രസ് തന്നെ ഭരിക്കണമെന്ന് 47 ശതമാനം, ബി.ജെ.പി വേണമെന്ന് 37 ശതമാനവും പറഞ്ഞു.
സമൂഹത്തിൽ സമാധാനമുണ്ടാക്കാൻ ബി.ജെ.പിയാണ് നല്ലതെന്ന് 34 ശതമാനവും കോൺഗ്രസ് ആണ് മെച്ചമെന്ന് 49 ശതമാനവും അഭിപ്രായപ്പെട്ടു. പ്രധാനമായും മൂന്നു കാര്യങ്ങളാണ് കർണാടകയിലെ വോട്ടർമാരെ സ്വാധീനിച്ചിരിക്കുന്നതെന്നാണ് ഈ സർവേ നൽകുന്ന സൂചന.
ഒന്നാമതായി ബി.ജെ.പിയുടെ 40 ശതമാനം കമ്മീഷൻ സർക്കാരിനെ ഒരു പാഠം പഠിപ്പിക്കണം. രണ്ടാമതായി കോൺഗ്രസിലെ അഞ്ച് വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഒരു അവസരം നൽകണം. മൂന്നാമതായി സമാധാനവും ഐക്യവും വികസനത്തിന്റെ ആണിക്കല്ലുകളാണ്. കോൺഗ്രസിന് മാത്രമേ അത് ഉറപ്പാക്കാൻ സാധിക്കൂ. ഇതിലൂന്നിയാണ് കോൺഗ്രസിന്റെ പ്രവർത്തനം. 40 ശതമാനം കമ്മീഷൻ സർക്കാരെന്ന അപവാദത്തിൽനിന്ന് ബി.ജെ.പിക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്നും കോൺഗ്രസ് വിലയിരുത്തുന്നു. മേയ് 10നാണ് കർണാടകയിൽ വോട്ടെടുപ്പ്. മേയ് 13ന് ഫലവും പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.