'അവർ എന്ത് സാധ്വിയാണ്'; പ്രജ്ഞ സിങിന്‍റെ വിദ്വേഷ പ്രസ്താവനക്കെതിരെ കനയ്യകുമാർ
text_fieldsമുംബൈ: കർണാടകയിലെ ശിവമോഗയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ കോൺഗ്രസ് നേതാവ് കനയ്യകുമാർ. സന്മാർഗികൾ ഒരിക്കലും അക്രമത്തെ കുറിച്ച് സംസാരിക്കില്ലെന്ന് കനയ്യകുമാർ പറഞ്ഞു. മുംബൈയിൽ കോൺഗ്രസിന്റെ 138-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"സന്മാർഗികൾ ഒരിക്കലും അക്രമത്തെക്കുറിച്ച് സംസാരിക്കില്ല. അവർ ഒരിക്കലും വിദ്വേഷ ഭാഷ ഉപയോഗിക്കില്ല. പകരം ആളുകളിൽ ഭിന്നിപ്പുണ്ടാക്കാതെ ഒന്നിപ്പിക്കാൻ മാത്രമാണ് അവർ ശ്രമിക്കുക. എന്നാൽ സാധ്വി പ്രജ്ഞ തികച്ചും വിപരീതമായാണ് പ്രവർത്തിക്കുന്നത്. വീട്ടിൽ മൂർച്ചയുള്ള കത്തികൾ സൂക്ഷിക്കാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്. അവർ ഏത് തരത്തിലുള്ള സാധ്വിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല"- കനയ്യകുമാർ പറഞ്ഞു.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തര മന്ത്രി അമിത് ഷായെ അപമാനിക്കാനാണ് അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ട് പ്രജ്ഞ സിങ് ശ്രമിച്ചത്. കത്തിക്ക് മൂർച്ച കൂട്ടാൻ ആഹ്വാനം ചെയ്യുന്നതിലൂടെ ആഭ്യന്തര മന്ത്രി ഉപയോഗശൂന്യനാണെന്നാണ് അവർ പറയാൻ ശ്രമിക്കുന്നതെന്നും കനയ്യകുമാർ പറഞ്ഞു.
ഇവിടെ കൂടി നിൽക്കുന്ന പൊലീസുകാരോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. കത്തിക്ക് മൂർച്ച കൂട്ടേണ്ടത് നിങ്ങളുടെ കടമയാണ്. എന്നാൽ ആ ജോലി ഞങ്ങൾ ചെയ്താൽ സുരക്ഷ സേനയും നിയമവും പിന്നെ എന്തിനാണ്. ആഭ്യന്തര മന്ത്രിയെ നിയമിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ മകനെ ബി.സി.സിഐ തലവനാക്കാൻ വേണ്ടി മാത്രമാണോയെന്നും കനയ്യകുമാർ ചോദിച്ചു.
മുസ്‍ലിംകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണത്തിനായി ഹിന്ദു സമുദായക്കാർ അവരുടെ വീടുകളിൽ മൂർച്ചയുള്ള ആയുധങ്ങൾ സൂക്ഷിക്കണമെന്ന് അവർ ആഹ്വാനം ചെയ്തിരുന്നു. കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടിൽ സൂക്ഷിക്കണമെന്നായിരുന്നു എം.പിയുടെ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.