ബന്ദിപ്പൂരിൽ വെള്ളകലമാനിനെ കണ്ടെത്തി
text_fieldsബംഗളൂരു: ബന്ദിപ്പൂർ വനത്തിലെ കാവേരി വന്യജീവി സങ്കേതത്തിൽ അപൂർവയിനം വെള്ള കലമാനിനെ കണ്ടെത്തി. റുസ യുനികളർ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്നതാണ് വൈറ്റ് സംബാർ ഡീർ അഥവാ വെള്ള കലമാൻ.
ബന്ദിപ്പൂർ വനത്തിലെ പുള്ളിപ്പുലികളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സഞ്ജയ് ഗുബ്ബിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സ്ഥാപിച്ച കാമറക്കെണിയിലാണ് പെൺ വെള്ള കലമാന്റെ രണ്ടു ചിത്രം പതിഞ്ഞത്. മറ്റൊരു ആൺ കലമാനൊപ്പം ഇത് സഞ്ചരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
2014ൽ ബന്ദിപ്പൂർ ടൈഗർ റിസർവിൽ വെള്ള മാനിനെ കണ്ടെത്തിയിരുന്നു. എന്നാൽ, അന്ന് ഇവയുടെ ചിത്രം ലഭിച്ചിരുന്നില്ല. കർണാടകയിൽനിന്ന് ആദ്യമായാണ് ഈ അപൂർവയിനത്തിന്റെ ചിത്രം ലഭിക്കുന്നത്. മൃഗങ്ങളുടെ തനത് നിറങ്ങളിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസത്തെ ല്യൂസിസം എന്നാണറിയപ്പെടുന്നത്. ജന്മനാ സംഭവിക്കുന്ന നിറവ്യത്യാസമാണിതെന്ന് വന്യജീവി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളുടെ ശരീരത്തിൽ മെലാനിന്റെ കുറവുകൊണ്ടുണ്ടാകുന്ന നിറവ്യത്യാസം ആൽബിനിസമാണ്. ല്യൂസിസവും ആൽബിനിസവും തമ്മിൽ വ്യത്യസമുണ്ട്.
ആൽബിനിസത്തിൽ മൃഗങ്ങളുടെ നിറം വെളുപ്പാകുമെങ്കിലും കണ്ണുകൾ പിങ്ക് നിറത്തിലോ ചുവന്നോ ഇരിക്കും. ല്യൂസിസത്തിൽ ഇതുണ്ടാവില്ല- ഗവേഷകർ പറയുന്നു.
പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര യൂനിയൻ (ഐ.യു.സി.എൻ) വംശനാശ ഭീഷണി നേരിടുന്നവ ജീവികളുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ മൃഗമാണ് കലമാൻ. നേച്വർ കൺസർവേഷൻ ഫൗണ്ടേഷൻ, ഹൊലെമട്ടി നേച്വർ ഫൗണ്ടേഷൻ എന്നിവക്ക് കീഴിലെ ഗവേഷകരാണ് ദൗത്യത്തിൽ സഞ്ജയ് ഗുബ്ബിക്കൊപ്പമുണ്ടായിരുന്നത്. ഈ സംഘം കാവേരി വന്യജീവി സങ്കേതത്തിൽനിന്ന് നേരത്തെ, വെള്ള കാട്ടുനായയെ കണ്ടെത്തിയിരുന്നു. ആൽബിനോ പ്രതിഭാസമുള്ള കാട്ടുനായയായിരുന്നു അത്. കഴിഞ്ഞ വർഷം മാർച്ചിൽ ഉത്തർപ്രദേശിലെ ബഹറായ്ച് ജില്ലയിലെ കതർനിയാഘട്ട് വന്യജീവി സങ്കേതത്തിൽ വെള്ളമാനിനെ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.