മോദിയോട് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകക്കെതിരായ സൈബർ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെ, അദ്ദേഹത്തോട് ചോദ്യം ചോദിച്ചതിന് സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി വൈറ്റ് ഹൗസ്. ഇവർക്കെതിരായ സൈബര്‍ ആക്രമണം അസ്വീകാര്യവും ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
‘മാധ്യമപ്രവര്‍ത്തകക്ക് നേരെയുണ്ടായ സമീപനം തികച്ചും അസ്വീകാര്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന എല്ലാതരം പീഡനങ്ങളെയും തങ്ങള്‍ അപലപിക്കുന്നു. ഇത് ജനാധിപത്യ തത്വങ്ങള്‍ക്കെതിരാണ്’ എന്നിങ്ങനെയായിരുന്നു ദേശീയ സുരക്ഷ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് കോഓഡിനേറ്റര്‍ ജോണ്‍ കിര്‍ബിയുടെ പ്രതികരണം.
മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി ജൂൺ 22ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെയാണ് വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ദീഖി, ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്നും എതിരാളികൾ നിശബ്ദരാക്കപ്പെടുന്നുവെന്നും പരാതി ഉയരുന്നല്ലോ എന്നും ഇന്ത്യയിലെ മുസ്‍ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നുമുള്ള ചോദ്യം മോദിയോട് ഉന്നയിച്ചത്.
‘ഇന്ത്യയുടെയും അമേരിക്കയുടെയും ഡി.എൻ.എയിൽ ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിലുണ്ട്. അതുമായാണ് നാം ജീവിക്കുന്നത്. അത് ഭരണഘടനയിൽ എഴുതിവെച്ചിട്ടുമുണ്ട്. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇന്ത്യയില്‍ ഒരു സ്ഥാനവുമില്ല’, എന്നിങ്ങനെയായിരുന്നു മോദിയുടെ മറുപടി. രണ്ട് ചോദ്യങ്ങൾ മാത്രം ചോദിക്കാനാണ് സംയുക്ത വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് അവസരമുണ്ടായിരുന്നത്. ഒമ്പത് വർഷത്തിനിടെ മോദി പങ്കെടുക്കുന്ന ആദ്യ വാർത്ത സമ്മേളനമായിരുന്നു ബൈഡനൊപ്പമുള്ളത്.
വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ സബ്രീനക്ക് നേരെ സംഘ്പരിവാർ അണികളിൽനിന്ന് രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടാവുകയായിരുന്നു. മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ന്യൂനപക്ഷ വിവേചനം സംബന്ധിച്ച ചോദ്യത്തിന് പിന്നിൽ ബാഹ്യ പ്രേരണയാണെന്നും ഒരു ടൂൾകിറ്റ് സംഘം ഇതിന് പിന്നിലുണ്ടെന്നുമായിരുന്നു ബി.ജെ.പി നേതാവ് അമത് മാളവ്യയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.