പെഗസസിന് ആര് പണം നൽകി? ഫോൺ ചോർത്തലിനെ ഹിരോഷിമ ബോംബാക്രമണത്തോട് ഉപമിച്ച് ശിവസേന എം.പി
text_fieldsമുംബൈ: രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്താൻ ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസിന് പണം നൽകിയത് ആരാണെന്ന ചോദ്യവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. പെഗസസ് ഫോൺ ചോർത്തലിനെ ഹിരോഷിമ ബോംബ് ആക്രമണത്തോട് ഉപമിച്ചായിരുന്നു പ്രതികരണം.
ജപ്പാൻ നഗരമായ ഹിരോഷിമയിലെ ബോംബാക്രമണം നിരവധിപേരുടെ മരണത്തിന് ഇടയാക്കി. ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസിലൂടെ സ്വാതന്ത്ര്യത്തിന്റെ മരണം കാണാനിടയായെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ നമ്മെ അടിമത്തത്തിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
രാഷ്ട്രീയക്കാർ, വ്യവസായികൾ, സോഷ്യൽ ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ ചാരപ്പണിയെ ഭയപ്പെട്ടിരുന്നു. ഇപ്പോൾ ജുഡീഷ്യറിയും മാധ്യമങ്ങളും ഈ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് വർഷങ്ങൾക്ക് മുമ്പ് സ്വാതന്ത്രത്തിന്‍റെ അന്തരീക്ഷം അവസാനിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലി ചാരകമ്പനിക്ക് ആരാണ് പണം വാഗ്ദാനം ചെയ്തതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ പെഗസസ് ലൈസന്‍സിനായി പ്രതിവർഷം 60 കോടി രൂപ ഈടാക്കുന്നുണ്ടെന്നും മാധ്യമ വാർത്തകളെ ഉദ്ധരിച്ച് സഞ്ജയ് റാവത്ത് പറഞ്ഞു.
ഒരു ൈലസൻസിലൂടെ 50 ഫോണുകൾ ഹാക്ക് ചെയ്യാം. ഇത്തരത്തിൽ 300ഓളം ഫോണുകൾ ചോർത്തണമെങ്കിൽ ആറുമുതൽ ഏഴു ലൈസൻസ് എങ്കിലും വേണ്ടിവരും. ഇത്രയും പണം ഇതിനായി മുടക്കിയോ? അതിനായി ആര് പണം നൽകി? സർക്കാറിന് മാത്രമേ സേവനം നൽകുവെന്നാണ് എൻ.എസ്.ഒയുടെ പ്രതികരണം. അങ്ങനെയാണെങ്കിൽ കേന്ദ്ര സർക്കാർ സോഫ്റ്റ്വെയർ വാങ്ങിയോ? -സഞ്ജയ് റൗട്ട് ചോദിച്ചു.
ലോകത്തിലെ 45 രാജ്യങ്ങൾ പെഗസസ് ഉപയോഗിച്ചുവെന്നായിരുന്നു ബി.ജെ.പി നേതാവും കേന്ദ്ര ഐ.ടി മന്ത്രിയുമായ രവിശങ്കർ പ്രസാദിന്‍റെ ന്യായീകരണം. മോദി സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയും അവർ ലക്ഷ്യം വെക്കുകയാണെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്ന് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് വെളിപ്പെടുത്തൽ.
ഇന്ത്യൻ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. അന്വേഷണത്തിെൻറ ഭാഗമായി മൊബൈൽ ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ചാരവൃത്തിക്ക് ഇസ്രായേൽ കമ്പനി ഉപയോഗിക്കുന്ന പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നും കണ്ടെത്തി.
എന്നാൽ, ആരോപണങ്ങളിൽ യാതൊരു വിധ കഴമ്പുമില്ലെന്നായിരുന്നു കേന്ദ്രസർക്കാറിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.