മാവോ മേഖലയിലെ ഏക ജനറൽ സീറ്റ് ആർക്ക് ?
text_fieldsഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽനിന്ന് ദേശീയപാത 30ലൂടെ 300ലധികം കിലോമീറ്റർ സഞ്ചരിച്ച് കെഷ്കർ ചുരം കയറി വേണം ജഗദൽപുരിലെത്താൻ. നക്സൽ ആക്രമണങ്ങളിൽ ഏറെ പ്രസിദ്ധമായ ദന്തേവാഡ, സുകുമ, കൊണ്ടഗാവ്, നാരായൺപുർ തുടങ്ങിയ റെഡ് കോറിഡോറിൽ ഉൾപ്പെടുന്ന, നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ട ബസ്തർ മേഖലയിലെ വലുതെന്ന് പറയാവുന്ന ഏക നഗരമാണ് ജഗദൽപുർ.
നവംബർ ഏഴിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലുള്ള ബസ്തർ മേഖലയിലെ 12 സീറ്റിൽ ഏക ജനറൽ സീറ്റാണ് ജഗദൽപുരിലേത്. മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും ആദിവാസികളാണ്. കേരളം, ആന്ധ്ര, ഒഡിഷ, ബംഗാൾ, യു.പി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് മറ്റു വോട്ടർമാർ.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണുള്ളതെങ്കിലും ദസറ ആഘോഷത്തിന്റെ ആലസ്യത്തിൽനിന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് വരുന്നതേയുള്ളൂ ഇവിടെ. നഗരത്തിൽ അവിടവിടെയായി കാണുന്ന ഏതാനും പോസ്റ്ററുകളും പാർട്ടി കൊടികളും മാത്രമാണ് നഗരത്തിൽ തെരഞ്ഞെടുപ്പിന്റെ ആരവമായുള്ളത്. മാവോവാദി സാന്നിധ്യമുള്ള മേഖലയായതിനാൽ ഗ്രാമപ്രദേശങ്ങളിലെ പ്രചാരണവും പേരിനുമാത്രം. പ്രധാന പാതകളിൽ ചെറിയ ദൂരങ്ങളിൽ അർധസേനയുടെ ബാരക്കുകൾക്ക് സമീപം വാഹനങ്ങൾ നിർത്തി പരിശോധന സജീവമായി നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ജഗദൽപുരിൽ 25,000 കോടി രൂപ ചെലവ് വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. എന്നാൽ, മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള ആദിവാസി വിഭാഗത്തിന്റെ വലിയ പ്രതിഷേധം മറികടന്ന് കൊണ്ടുവന്ന പദ്ധതി തിരിച്ചടിയാകുമെന്ന് ഭയന്ന് ബി.ജെ.പി മറ്റു വിഷയങ്ങളാണ് പ്രചാരണമാക്കുന്നത്. പ്രചാരണത്തിന് എത്തിയ അമിത് ഷാ ഉയർത്തിക്കാട്ടിയത് മാവോവാദികളെ അടിച്ചമർത്തി പ്രദേശത്ത് സമാധാനം കൊണ്ടുവന്നു എന്നായിരുന്നു.
എന്നാൽ, കോൺഗ്രസ് അധികാരത്തിൽ എത്തിയതിനുശേഷം ജഗദൽപുരിൽ വന്ന പ്രകടമായ വികസനവും നടപ്പാക്കിയ ക്ഷേമപദ്ധതികളുമാണ് പാർട്ടി പ്രചാരണമാക്കുന്നത്. സിറ്റിങ് സീറ്റിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടെങ്കിലും ബി.ജെ.പി സ്ഥാനാർഥിയുടെ ജനകീയതയും സ്ഥാനാർഥി നിർണയത്തിലെ കല്ലുകടിയും പാർട്ടി ഭയക്കുന്നുണ്ട്. നിലവിലെ എം.എൽ.എ രേഖ്ചന്ദ ജെയിനിനോട് ജനങ്ങൾക്ക് മതിപ്പുണ്ട്. അദ്ദേഹത്തെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടിക്ക് ഇഷ്ടവും.
സീറ്റിൽ അവകാശവാദവുമായി ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവിന്റെ ഇഷ്ടക്കാരൻ രംഗത്തുവന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. പരസ്പരം കാലുവാരിയേക്കുമെന്ന് ഭയന്ന് ഇരുവരെയും മാറ്റിനിർത്തി മുൻ മേയറായ ജിതിൻ ജയ്സ്വാളിനെ മത്സര രംഗത്ത് ഇറക്കുകയായിരുന്നു. ജഗദൽപുർ കോർപറേഷൻ മുൻ ചെയർമാൻ കിരൺ സിങ് ദിയോ ആണ് ബി.ജെ.പിയുടെ സ്ഥാനാർഥി. മാവോവാദികളുടെ നിലപാടും മണ്ഡലത്തിലെ ജയപരാജയം നിശ്ചയിക്കുന്നതിൽ സ്വാധീനമുണ്ട്. ബസ്തർ ജനം വിധി എഴുതുമ്പോൾ ജഗദൽപുരിലെ വിജയത്തിന് എന്തായിരിക്കും നിറം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.