ശിവസേനയുടെ ചിഹ്നം ആർക്കെന്ന് സുപ്രീം കോടതി തീരുമാനിക്കുമെന്ന് സഞ്ജയ് റാവത്ത്; കേസ് ഇന്ന് പരിഗണിക്കും
text_fieldsമുംബൈ: ശിവസേനയുടെ പേരും ചിഹ്നവും ആർക്കാണെന്ന് തീരുമാനിക്കുന്നത് സുപ്രീം കോടതിയായിരിക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത്. പാർട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം ഷിൻഡെ പക്ഷത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാട് ചോദ്യം ചെയ്ത് താക്കറെ പക്ഷം സമിർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സേനയുടെ പേരും പാർട്ടി ചിഹ്നവും "വാങ്ങാൻ" 2000 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന ആരോപണത്തിൽ റാവത്ത് ഉറച്ച് നിന്നു. വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബ്രിഹൻ മുംബൈ കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ചിഹ്നം ആരുടേതെന്നതിൽ പരമോന്നത കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. വിഷയം സബ് ജുഡീഷ്യൽ ആയതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താക്കറെ പക്ഷം സമിർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ഉദ്ദവ് പക്ഷത്തിന്‍റെ നീക്കത്തിനെതിരെ ഷിൻഡെ വിഭാഗം ശിവസേന സമർപ്പിച്ച തടസ ഹരജിയും കോടതി പരിഗണിക്കും.
ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയിൽ ഉദ്ദവ് താക്കറെ പക്ഷം ഹരജിയുമായി എത്തിയത്. തിങ്കളാഴ്ച അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന് ഉദ്ദവ് പക്ഷം അഭ്യർഥിച്ചെങ്കിലും കോടതി കേസ് വാദം കേൾക്കാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.