ബ്രിജ് ഭൂഷൺ: ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതി; ആറു തവണ എം.പി
text_fieldsന്യൂഡൽഹി: രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ വേരുറപ്പിച്ച ഗുസ്തിക്കാരനാണ് ലൈംഗികാരോപണത്തിൽ വിവാദത്തിൽ അകപ്പെട്ട ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ബാബരി മസ്ജിദ് തകർത്തത് ഉൾപ്പെടെ നിരവധി കേസുകളുള്ള ഇയാൾ 1991 മുതൽ ആറുതവണയാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരുതവണ (2009) സമാജ്വാദി പാർട്ടിയുടെ ടിക്കറ്റിലാണ് സഭയിൽ എത്തിയത്.
2014ലാണ് ബി.ജെ.പിയിലെത്തുന്നത്. നിലവിൽ കൊലപാതകശ്രമം, കലാപം, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ട്. 2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷൻ അംഗമായ ബ്രിജ് ഭൂഷൺ 2019 മുതൽ തുടർച്ചയായി മൂന്നു തവണയും എതിരില്ലാതെയൊണ് ഫെഡറേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
നിരവധി തവണ വിവാദത്തിൽ അകപ്പെട്ട ഇയാൾക്ക് ഉത്തർപ്രദേശിലെ തന്‍റെ ജന്മനാടായ ഗോണ്ടയിലും ചുറ്റുമുള്ള ആറോളം ജില്ലകളിലെങ്കിലും വലിയ സ്വാധീനമാണുള്ളത്. ഇതാണ് ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ ദേശീയ ഗുസ്തി താരങ്ങൾ ലൈംഗികാരോപണവുമായി വന്നിട്ടും ഉടനടി നടപടിയെടുക്കാൻ ബി.ജെ.പി മടിക്കുന്നത്.
ബഹ്റൈച്ച്, ഗോണ്ട, ബൽറാംപുർ, അയോധ്യ, ശ്രാവസ്തി ജില്ലകളിൽ എൻജീനിയറിങ്, ഫാർമസി മേഖലകളിൽ 50 സ്ഥാപനങ്ങൾ ബ്രിജ് ഭൂഷണുമായി ബന്ധപ്പെട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.