ഓട്ടോഡ്രൈവറിൽനിന്ന് 'മാതോശ്രീ'യുടെ വിശ്വസ്തനിലേക്ക്; ഒടുവിൽ, ഉദ്ധവിനെ പിന്നിൽ നിന്നുകുത്തി മുഖ്യമന്ത്രിക്കസേരയിൽ
text_fieldsമുംബൈ: പ്രതിപക്ഷ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുന്നതിൽ 'വിദഗ്ധരായ' അമിത്ഷാക്ക് മുന്നിൽ കീഴടങ്ങാതെ നെഞ്ചുവിരിച്ച് പൊരുതുകയായിരുന്നു ഇക്കാലമത്രയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസിന്റെയും എൻ.സി.പിയുടെയും പിന്തുണയോടെ 2019 നവംബർ 28നാണ് ഉദ്ധവ് മഹാരാഷ്ട്രയുടെ ഭരണമേറ്റെടുത്തത്. അന്നു മുതൽ ഉദ്ധവിനെ താഴെയിറക്കാൻ മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബി.ജെ.പിയിലെ കുതിരക്കച്ചവടക്കാരും പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. എന്നാൽ, ഈ ശ്രമങ്ങളെല്ലാം സധൈര്യം നേരിട്ട ഉദ്ധവിന് ഒടുവിൽ സ്വന്തം പാളയത്തിലെ പടക്കുമുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. സ്വന്തം പാർട്ടിയെ തന്നെ പിളർത്തിയാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേറിയത്. പഴയ ചങ്ങാതിമാരായ ബി.ജെ.പിയോടൊപ്പം ചേർന്ന് ഷിൻഡെ മഹാരാഷ്ട്ര ഭരിക്കുമ്പോൾ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്കും കൂട്ടർക്കും രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധിയിലാണ്.
ഓട്ടോഡ്രൈവറിൽനിന്ന് ബാൽതാക്കറെയുടെ 'മാതോശ്രീ'യുടെ വിശ്വസ്തനായി വളർന്ന, സംസ്ഥാന മന്ത്രി കൂടിയായിരുന്ന ഏക്നാഥ് ഷിൻഡെയുടെ ഒളിയാക്രമണത്തിലാണ് മഹാ വികാസ് അഖാഡി തകർന്നത്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഒറ്റി ബി.ജെ.പിക്ക് വോട്ടുചെയ്തുവെന്ന് ആരോപണമുയർന്നതിന് പിന്നാലെ ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭാ ലീഡർ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെയായിരുന്നു അർദ്ധരാത്രിയോടെ ഏക് നാഥ് ഷിൻഡെ ശിവസേനയുടെ ഭൂരിപക്ഷം എം.എൽ.എമാരുമായി മുങ്ങിയത്.
തെരഞ്ഞെടുപ്പിൽ ഭരണപക്ഷ എം.എൽ.എമാർ കൂറുമാറി വോട്ടുചെയ്തതിനാൽ ബി.ജെ.പിയുടെ അധിക സ്ഥാനാർഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബി.ജെ.പി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചു. ബാൽ താക്കറെയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഷിൻഡെയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സേന സ്ഥിരീകരിച്ചിരുന്നു.
ഓട്ടോ ഡ്രൈവറിൽനിന്ന് രാഷ്ട്രീയത്തിലേക്ക്
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറയിൽ പാവപ്പെട്ട കുടുംബത്തിലാണ് ഷിൻഡെയുടെ ജനനം. ഉപജീവനത്തിന് ഓട്ടോഡ്രൈവറുടെ വേഷമണിഞ്ഞിരുന്ന ഏകനാഥ് ഷിൻഡെ, തുടർന്ന് സ്വകാര്യകമ്പനിയിലെ ജോലിയുമായി കഴിയവേയാണ് ശിവസേനയുമായി അടുക്കുന്നത്. ശിവസേന നേതാവ് പരേതനായ ആനന്ദ് ദിഗെയുമായുള്ള ബന്ധമാണ് രാഷ്ട്രീയത്തിൽ വളർച്ചക്ക് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ വലംകൈയായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഇടം പിടിച്ചു.
ശിവസേനയുടെ വാഗ്ലെ എസ്റ്റേറ്റ് ശാഖാ പ്രമുഖ് ആയാണ് തുടക്കം. പിന്നീട് താനെ കോർപ്പറേഷൻ കൗൺസിലറായി. നാല് വർഷം കോർപറേഷൻ മേയറായിരുന്നു. തുടർന്ന് തുടർച്ചയായി നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം. ആദ്യം 2004ൽ താനെ മണ്ഡലത്തെ പ്രതിനിധീകരിച്ച ഷിൻഡെ, 2009മുതൽ മൂന്ന് തവണ കോപ്രി -പഞ്ച്പഖാഡിയിലാണ് ജയിച്ചത്. നിലവിൽ ഈ മണ്ഡലത്തിന്റെ എം.എൽ.എയാണ് 58 കാരനായ ഷിൻഡെ.ആനന്ദ് ദിഗെയുടെ വിയോഗത്തെത്തുടർന്ന് താനെ ജില്ലയുടെ ചുമതല ഷിൻഡെയെ തേടിയെത്തി. ഇക്കാലത്തെ പ്രവർത്തനരീതിയും പാർട്ടിയോടുള്ള അർപ്പണബോധവും ഷിൻഡെക്ക് ബാൽതാക്കറെയുടെ വസതിയായ 'മാതോശ്രീ'യിലേക്കുള്ള വാതിൽ തുറന്നു. പാർട്ടിയിലെ സഹപ്രവർത്തകർക്കിടയിൽ 'ഭായ്' എന്ന പേരിൽ സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന ഷിൻഡെ, എല്ലാ പാർട്ടികളിലെയും നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു.
താനെയിലും പുറത്തും ശിവസേനയുടെ വളർച്ചക്ക് നിർണായക സംഭാവനകൾ ചെയ്ത ഷിൻഡെ, കുടുംബക്കാർക്ക് 'സീറ്റ് ഉറപ്പി'ക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള ലോക്‌സഭാ എം.പിയും സഹോദരൻ പ്രകാശ് ഷിൻഡെ കൗൺസിലറുമാണ്.
ബി.ജെ.പിയുമായി ശിവസേന വഴിപിരിഞ്ഞ 2014ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഷിൻഡെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിൽ കാബിനറ്റ് മന്ത്രിയായി നിയമിതനായെങ്കിലും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. താനെയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം ശിവസേനയുടെ ട്രബിൾഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൊയ്ത 2017ലെ താനെ കോർപ്പറേഷൻ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ഷിൻഡെക്ക് പ്രധാന പങ്കുണ്ടായിരുന്നു.
2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽറണ്ണായി കണക്കാക്കുന്ന, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുന്നതിനിടെയാണ് ശിവസേനയെയും മഹാവികാസ് അഖാഡിയെയും അടിമുടി വിറപ്പിച്ച് ഷിനഡെയുടെ നേതൃത്വത്തിൽ വിമതനീക്കം അരങ്ങേറുന്നത്. അത് സർക്കാറിന്‍റെ തകർച്ചക്ക് മാത്രമല്ല വഴിയൊരുക്കിയിരിക്കുന്നത്. ശിവസേനയുടെ ആത്മവിശ്വാസത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ബി.ജെ.പിയോടൊപ്പം ചേർന്ന് ഷിൻഡെ മഹാരാഷ്ട്ര ഭരിക്കുമ്പോൾ, ശിവസേനയിൽ അവശേഷിക്കുന്ന ഉദ്ധവിന്‍റെയും കൂട്ടരുടെയും രാഷ്ട്രീയ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.