ആരാണ് ജോർജ് സോറോസ്; അദ്ദേഹം എങ്ങനെയാണ് അദാനി ഗ്രൂപ്പിനെ കുഴപ്പത്തിലാക്കുന്നത്?
text_fieldsന്യൂഡൽഹി: ലോകത്തിലെ ശതകോടീശ്വരൻമാരിൽ ഒരാളാണ് ഹംഗേറിയൻ വംശജനായ ജോർജ് സോറോസ്. 92 വയസുണ്ട് ഇദ്ദേഹത്തിന്. ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാമ്പത്തികരംഗത്ത് അടിപതറുന്ന അദാനി വിഷയത്തില്‍ നടത്തിയ പ്രതികരണമാണ് ശതകോടീശ്വരനായ ജോര്‍ജ് സോറോസിനെ അടുത്തിടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഗൗതം അദാനി നേരിടുന്ന കടുത്ത പ്രതിസന്ധി നരേന്ദ്രമോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനം സാധ്യമാകുമെന്നായിരുന്നു മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്ത് സംസാരിക്കവേ ജോര്‍ജ് സോറോസ് പറഞ്ഞത്.
ഹിൻഡ്ബർഗ് റിസർച്ചിനു പിന്നാലെ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ട് പ്രോജക്ടും അദാനിക്കെതിരെ വന്നിരിക്കുന്നു. ഒരുകൂട്ടം അന്വേഷണാത്മക പത്രപ്രവർത്തകരുടെ ആഗോള കൂട്ടായ്മയാണ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ട് പ്രോജക്ട്. സോറസും ഇതിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്.
സോറോസിനെയും അദ്ദേഹത്തിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളെയും നിരവധി സർക്കാരുകളും എതിരാളികളായ ഗ്രൂപ്പുകളും 'തകർച്ചയുടെ ഏജന്റുകൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന, കൂട്ട കുടിയേറ്റത്തിലൂടെ യൂറോപ്യൻ യൂണിയനിലെ അസ്ഥിരത, അറബ് വസന്ത പ്രക്ഷോഭ പ്രസ്ഥാനങ്ങൾക്കുള്ള ധനസഹായം തുടങ്ങിയ കുറ്റങ്ങളും സോറസിനെതിരെ ചുമത്തിയിട്ടുണ്ട്.
ലോകമെമ്പാടും ജൂത വിദ്വേഷം പടർന്ന കാലത്ത് നാസികളെ ഭയന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ വ്യക്തിയാണ് ഇദ്ദേഹം. സമ്പന്ന ജൂതദമ്പതികളുടെ മകനായി 1930 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ജോര്‍ജ് സോറോസിന്റെ ജനനം. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിന് പണം സമ്പാദിക്കാൻ റെയിൽവേ പോർട്ടറായും വെയിറ്ററായും സോറോസ് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോകത്തെ തന്നെ വിലക്കെടുക്കാൻ സാധിക്കുന്നത്രയും സമ്പാദ്യമുണ്ട് അദ്ദേഹത്തിന്. ബ്ലൂബർഗിന്റെ കണക്കനുസരിച്ച് ഏതാണ്ട് 7000 കോടി രൂപയാണ് ആണ് അദ്ദേഹത്തിന്റെ ആസ്തി. 1973ൽ ഹെഡ്ജ് ഫണ്ട് സ്ഥാപിച്ചതോടെയാണ് സോറസ് വാർത്തകളിൽ ഇടംനേടിയത്.
ജനാധിപത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും സാമ്പത്തിക സഹായം നൽകുന്ന ഫൗണ്ടേഷനുമുണ്ട് ഇദ്ദേഹത്തിന്. 70 ലേറെ രാജ്യങ്ങളിൽ ഇദ്ദേഹത്തിന് സ്ഥാപനങ്ങളുണ്ട്. ബിസിനസ് രംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും സോറോസിന് മുതൽമുടക്കുണ്ട്. ബറാക് ഒബാമ, ഹിലരി ക്ലിന്റൺ, ജോ ബൈഡൻ എന്നീ യു.എസ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പുകളിൽ സോറോസ് പ്രചാരണം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.