ആരാവും ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർഥി?സാധ്യത ഇവർക്ക്
text_fieldsന്യൂഡൽഹി: ജൂലൈ 18 ന് ഇന്ത്യയുടെ 16ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഫലം 21ന് അറിയാം. ആരാവും ബി.ജെ.പി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് സഖ്യത്തിന്റെ (എൻ.ഡി.എ)സ്ഥാനാർഥിയെന്നത് എല്ലാവരും ഉറ്റുനോക്കുകയാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ സമവായത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച തുടരുകയാണ്. 2002ൽ ഇന്ത്യയുടെ മിസൈൽ മാൻ എ.പി.ജെ അബ്ദുൽ കലാമിനെയാണ് എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികളായ സമാജ് വാദി പാർട്ടിയും ടി.ഡി.പിയും അതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്നാട്ടുകാരനായതിനാൽ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും കലാമിന്റെ സ്ഥാനാർഥിത്വത്തിൽ എതിർപ്പുപ്രകടിപ്പിച്ചില്ല.
2017ൽ ബിഹാർ ഗവർണറും അധികമാരും അറിയാത്ത ദലിത് നേതാവുമായ രാം നാഥ് കോവിന്ദിനെയാണ് എൻ.ഡി.എ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത്. അദ്ദേഹം എളുപ്പത്തിൽ വിജയിക്കുകയും ചെയ്തു. ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ രാം കോവിന്ദിനെ തന്നെ എൻ.ഡി.എ വീണ്ടും മത്സരിപ്പിക്കുമോ എന്നതും കണ്ടറിയണം.
കർണാടക ഗവർണറും ദലിത് നേതാവുമായ തവാർ ചന്ദ് ഗെഹ്ലോട്, തെലങ്കാന ഗവർണർ തമിൽസായ് സുന്ദരരാജൻ, മുൻ ലോക് സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവരും എൻ.ഡി.എയുടെ പരിഗണനപട്ടികയിലുണ്ട്. രാഷ്ട്രപതി സ്ഥാനാർഥിത്വത്തിലേക്ക് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വിയുടെ പേര് ഉയർന്നിരുന്നു.
കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ആണ് പരിഗണിക്കാവുന്ന മറ്റൊരു പേര്. ഗോത്രവർഗവിഭാത്തിൽ നിന്ന് ഒരാളെ നിർത്താനാണ് എൻ.ഡി.എയുടെ തീരുമാനമെങ്കിൽ ത്സാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു, ഛത്തീസ്ഗഢ് ഗവർണർ അനൂസിയ ഉയ്കെ, ഒഡിഷ ഗവർണർ ജുവൽ ഒറാം എന്നിവർക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.