‘എട്ട് വർഷത്തിനിടെ മത യുദ്ധത്തിൽ 100 കോടി മുസ്ലിംകൾ കൊല്ലപ്പെടും’; വർഗീയ വിഷംചീറ്റിയ പ്രദീപ്താനന്ദ സരസ്വതി ആരാണെന്നറിയാം
text_fieldsഹിന്ദു വിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശൗര്യ ജാഗരൺ സമ്മേളനത്തിൽ വർഗീയ വിഷംചീറ്റി സന്യാസിമാർ. വി.എച്ച്.പി രാജ്യവ്യാപകമായി നടത്തുന്ന ‘ശൗര്യ ജാഗരൺ യാത്ര’യുടെ സമാപനത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് വർഗീയ പ്രസംഗങ്ങൾ നടത്തിയത്. 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യ ക്ഷേത്രത്തിന്റെ മന്ദിരോദ്ഘാടനത്തിന് മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്. ഹിന്ദു ധർമ്മത്തിന്‍റെ അടിസ്ഥാനത്തിൽ സമൂഹത്തെ “പുനരുജ്ജീവിപ്പിക്കാനും”, “ലൗ ജിഹാദ്, മതപരിവർത്തനം, സനാതന ധർമ്മം” എന്നിവയെക്കുറിച്ച് “അവബോധം” സൃഷ്ടിക്കാനും, മറ്റുള്ളവരുടെ “മതവിരുദ്ധ പ്രവർത്തന”ങ്ങളുടെ മേൽ ശ്രദ്ധചെലുത്താനുമാണ് യാത്ര സംഘടിപ്പിച്ചതെന്നാണ് സംഘപരിവാർ സംഘടനയായ വി.എച്ച്.പി അവകാശപ്പെടുന്നത്.
ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഹിന്ദുത്വ സന്യാസിയായ പ്രദീപ്താനന്ദ സരസ്വതിയാണ് വർഗീയ പ്രസ്താവന നടത്തിയത്. അടുത്ത 8 വർഷത്തിനുള്ളിൽ മതയുദ്ധങ്ങളിൽ 100 കോടി മുസ്ലീങ്ങളും 50 കോടി ക്രിസ്ത്യാനികളും 5 കോടി മതേതര ഹിന്ദുക്കളും കൊല്ലപ്പെടുമെന്നാണ് പ്രദീപ്താനന്ദ സരസ്വതി പറഞ്ഞത്. സമ്മേളനത്തിൽ സംസാരിച്ച മറ്റുചില സന്യാസിമാരും വർഗീയത പരത്തുന്ന പ്രസംഗങ്ങളാണ് നടത്തിയത്.
ആരാണ് പ്രദീപ്താനന്ദ സരസ്വതി?
ആർഷ വിദ്യാ സമ്പ്രദായത്തിലെ അംഗമാണ് പ്രദീപ്താനന്ദ സരസ്വതി. ‘ഛോട്ടി കാശി’ എന്നറിയപ്പെടുന്ന ജാംനഗറിലാണ് ഇയാൾ ജനിച്ചത്. 16-ാം വയസ്സിൽ ആർഷ ദർശനാലയത്തിന്റെ സ്ഥാപകനായ സ്വാമി എക്‌രാസാനന്ദ സരസ്വതിയുമായി ബന്ധപ്പെട്ടു. തത്ത്വശാസ്ത്രത്തിൽ എംഎ പൂർത്തിയാക്കിയ സരസ്വതി ജാംനഗറിലെ ഡികെവിവി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി സേവനമനുഷ്ഠിച്ചു. ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവ ഉൾപ്പെടുന്ന പ്രസ്ഥാൻത്രയിയുടെ പഠനവും ഇയാൾ നടത്തിയിട്ടുണ്ട്.
‘ശൗര്യ ജാഗരൺ യാത്ര’
മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് വിഎച്ച്പിയുടെ ‘ശൗര്യ ജാഗരൺ യാത്ര’യുടെ ലക്ഷ്യം. മതവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ‘ധർമ്മ യോദ്ധാക്കൾ’ എന്ന പേരിൽ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ‘ഘർവാപ്പസി’ പ്രോത്സാഹിപ്പിക്കുകയുമാണ് ഇവരുടെ പ്രധാന ദൗത്യം. രാജ്യവ്യാപകമായി ഇത് നടപ്പാക്കാനായി ഒരു ബൃഹത് പദ്ധതിക്ക് രൂപം നൽകിയതായും വി.എച്ച്.പി പറയുന്നു.
“ജനങ്ങളെ ബോധവത്ക്കരിക്കുക മാത്രമല്ല, മതവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കാനായി യുവജനങ്ങളുടെ ഗ്രൂപ്പുകളെ വളർത്തിക്കൊണ്ട് വരാൻ കൂടിയാണ് ലക്ഷ്യമിടുന്നത്. യാത്രയിലുടനീളം പൊതുയോഗങ്ങളിൽ വെച്ച് സനാതന ധർമ്മത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ഹിന്ദു ധർമ്മങ്ങൾക്കെതിരെ ഉയർന്നുവരുന്ന “ഹീനമായ പദ്ധതി”കളെക്കുറിച്ച് ഹിന്ദു സമുദായങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താനും, അത്തരം ശക്തികൾക്കെതിരെ പോരാടാനായി അവരെ സജ്ജരാക്കാനും, ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായി മറ്റു വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനുമാണ് ലക്ഷ്യമിടുന്നത്’- വി എച്ച് പി വക്താവ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയുടെ സമയത്ത് ഉപയോഗിക്കാനായി രാജ്യത്തെ എല്ലാ വീടുകളിൽ നിന്നും അഞ്ച് മൺചെരാതുകൾ വീതം ശേഖരിക്കാനും വി എച്ച് പി ലക്ഷ്യമിടുന്നുണ്ട്. സന്യാസിമാരെ പങ്കെടുപ്പിച്ച് പദയാത്ര, രാജ്യവ്യാപകമായി ഗൃഹസന്ദർശന പരിപാടികൾ, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മതപ്രഭാഷണങ്ങൾ എന്നിവയും ഈ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
This rally was organized by VHP in Delhi on 14th October.
— Amock (@Politics_2022_) October 19, 2023
A VHP speaker in Shaurya Jagran Sabha said,
- 5 Cr secular Hindus
- 100 Cr Muslims
- 50 Cr Christians
They all will be kílled in next 8 years by 2031.
This is very síck, no FIR & no debate.pic.twitter.com/nUQTAqTaSN
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി വി എച്ച് പി പൊതുവേദികളിൽ വലിയ എൽഇഡി സ്ക്രീനുകളിൽ തത്സമയ സംപ്രേഷണം നടത്തും. ഈ സമയത്ത് തന്നെ വിശ്വാസികൾക്കായി ആരാധനകൾ സംഘടിപ്പിക്കും. ചടങ്ങ് നേരിൽ വീക്ഷിക്കാൻ അയോധ്യയിലേക്ക് വിശിഷ്ട വ്യക്തിത്വങ്ങളെ ക്ഷണിക്കും. ശ്രീരാമ ക്ഷേത്രത്തിനായി സംഭാവന നൽകിയ 62 കോടി ജനങ്ങളുമായി വീണ്ടും ബന്ധം പുതുക്കാനാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നതെന്നും വി.എച്ച്.പി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.