വർഗീയ വിഷം ചീറ്റൽ ഹോബി; ആരാണ് ഈ രാജാ സിങ്?
text_fieldsഹൈദരാബാദ്: പ്രവാചകനെ നിന്ദിച്ചതിന് നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്ത് മാസങ്ങൾ പിന്നിടുന്നതിന് മുമ്പ് മറ്റൊരു നേതാവിനെ കൂടി ബി.ജെ.പി സസ്‍പെൻഡ് ചെയ്തിരിക്കുന്നു. പ്രവാചക നിന്ദ കേസിൽ ഇന്ന് അറസ്റ്റിലായ തെലങ്കാനയിലെ മുതിര്‍ന്ന നേതാവും ഗോഷാമഹൽ എം.എൽ.എയുമായ ടി. രാജാ സിങ്ങിനെയാണ് ഇത്തവണ പുറത്താക്കിയത്.
വർഗീയ വിഷംചീറ്റലാണ് രാജാ സിങ്ങിന്റെ സ്ഥിരം ഹോബി. മുമ്പ് തെലുങ്ക് ദേശം പാർട്ടി നേതാവായിരുന്ന ഇയാൾ തനിക്ക് പറ്റിയ ലാവണം തിരിച്ചറിഞ്ഞ് ബി.ജെ.പിയിൽ ചേരുകയായിരുന്നു. നിലവിൽ പാർട്ടിയുടെ വിപ്പാണ് സിങ്.
മുമ്പും നിരവധി വിദ്വേഷ പരാമർശങ്ങൾ
മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി വിദ്വേഷ പരാമർശങ്ങൾ രാജാ സിങ് മുമ്പും നടത്തിയിട്ടുണ്ട്. 2020ൽ വിദ്വേഷം പ്രചരിപ്പിച്ചതിന് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇയാളെ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കരുതെന്ന നയം ലംഘിച്ചതിനാണ് രാജാ സിങ്ങിനെ വിലക്കിയതെന്നാണ് അന്ന് ഫേസ്ബുക്ക് അറിയിച്ചത്. എന്നാൽ, 2019 ഏപ്രിൽ മുതൽ താൻ ഫേസ്ബുക് ഉപയോഗിക്കാറില്ലെന്നാണ് സിങ് പറയുന്നത്.
ഹാസ്യനടൻ മുനവ്വർ ഫാറൂഖിയെ ഭീഷണിപ്പെടുത്തിയതിന് ഇയാളെ പൊലീസ് മൂന്ന് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഹൈദരാബാദ് നഗരത്തിൽ മുനവ്വർ ഫാറൂഖി കോമഡി ഷോ നടത്തിയാൽ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജയുടെ ഭീഷണി.
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുമെന്ന് ഉത്തർപ്രദേശിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജക്ക് നോട്ടീസ് അയച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം.
ഇപ്പോഴത്തെ വിവാദം
ജനസംഖ്യയുടെ പേരിൽ മുസ്‍ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതാണ് ഇപ്പോൾ വിവാദമായത്. യുട്യൂബ് ചാനലിലൂടെയാണ് സിങ് വിഡിയോ പുറത്തുവിട്ടത്. പ്രവാചകനെ അവഹേളിക്കുന്ന പരാമർശവും സിങ്ങിന്റെ വിഡിയോയിലുണ്ട്. തിങ്കളാഴ്ച രാത്രി വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹൈദരാബാദിൽ പ്രതിഷേധം ഉയർന്നിരുന്നു.
നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹൈദരാബാദ് പൊലീസ് കമീഷണർ സി.വി ആനന്ദിന്റെ ഓഫിസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിന് പിന്നാലെയാണ് പാർട്ടി സസ്‍പെൻഡ് ചെയ്തത്. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണമെന്ന് ബി.ജെ.പി ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ.എം പഥക് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.