'ഗാന്ധിയുടെയും പട്ടേലിന്റെയും നാട്ടിൽ ആരാണ് ഈ വിഷം പടർത്തുന്നത്': പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsഗുജറാത്തിലെ മുന്ദ്ര, പുപവാവ് ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽനിന്ന് മയക്കുമരുന്ന് പിടികൂടൽ തുടർക്കഥയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'നിശ്ശബ്ദത'യെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'മയക്കുമരുന്ന് വ്യാപാരം നടത്താനുള്ള എളുപ്പ വഴി' എന്ന വിഷയത്തിൽ പ്രധാനമന്ത്രി മോദിയോട് രാഹുൽ നാല് ചോദ്യങ്ങളാണ് ട്വീറ്റുകളിലൂടെ ഉന്നയിച്ചത്. ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് ഗുജറാത്തിൽ എത്തുന്നുണ്ടെന്നും മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും പുണ്യഭൂമിയിൽ ആരാണ് ഈ വിഷം പടർത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ''തുടർച്ചയായി മയക്കുമരുന്ന് പിടികൂടിയിട്ടും തുറമുഖ ഉടമയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്?. എന്തുകൊണ്ടാണ് എൻ.സി.ബിക്കും മറ്റ് സർക്കാർ ഏജൻസികൾക്കും ഗുജറാത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരെ ഇപ്പോഴും പിടിക്കാൻ കഴിയാത്തത്?''
മുംബൈ പൊലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ (എ.എൻ.സി) ഗുജറാത്തിൽനിന്ന് അന്താരാഷ്ട്ര വിപണിയിൽ 1,026 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് രാഹുലിന്റെ ആക്രമണം. കേന്ദ്രത്തിലെയും ഗുജറാത്തിലെയും സർക്കാരിൽ ആരൊക്കെയാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. "മിസ്റ്റർ പ്രധാനമന്ത്രി, നിങ്ങൾ എത്ര കാലം നിശബ്ദത പാലിക്കും, ഉത്തരം നൽകണം", അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് കണ്ടെയ്‌നറിൽനിന്ന് 376 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയിരുന്നു. യു.എ.ഇയിലെ അജ്മാൻ ഫ്രീ സോണിൽനിന്ന് കയറ്റുമതി ചെയ്തതാണെന്നും അത് മേയ് 13ന് മുന്ദ്ര തുറമുഖത്ത് എത്തിയെന്നും പറയപ്പെടുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്ത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. രാജ്യാന്തര വിപണിയിൽ 21,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.