യഥാർഥ ശിവസേന ആര്? ഉദ്ധവ് പക്ഷത്തിന്റെ ഹരജി 31ന് പരിഗണിക്കും
text_fieldsമുംബൈ: പാർട്ടിയുടെ ഔദ്യോഗിക പേരും തെരഞ്ഞെടുപ്പു ചിഹ്നമായ അമ്പുംവില്ലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിമത പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷ ശിവസേന (യു.ബി.ടി) നൽകിയ ഹരജി സുപ്രീംകോടതി 31 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. എം.എൽ.എ, എം.പിമാരുടെ എണ്ണവും അവർ തെരഞ്ഞെടുപ്പിൽ നേടിയ വോട്ട് ശതമാനവും കണക്കാക്കി കഴിഞ്ഞ ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഷിൻഡെ പക്ഷത്തിന് അനുകൂലമായി വിധിച്ചത്. ഇതിനെതിരെ അന്നുതന്നെ ഉദ്ധവ് പക്ഷം ഹരജിയുമായി സമീപിച്ചെങ്കിലും സ്റ്റേ നൽകാൻ സുപ്രീംകോടതി തയാറായില്ല. ഹരജി തീർപ്പാക്കുംവരെ ശിവസേന ഓഫിസുകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ കാര്യങ്ങളിൽ അവകാശവാദമുന്നയിക്കില്ലെന്ന് ഷിൻഡെ പക്ഷം വാക്കാൽ കോടതിക്ക് ഉറപ്പുനൽകിയിരുന്നു.
അതേസമയം, പാർട്ടിയുടെ പേര് മറ്റൊരാൾക്ക് പതിച്ചുനൽകാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് ഉദ്ധവ് താക്കറെ അമരാവതിയിൽ പറഞ്ഞു. കൂറുമാറ്റം സാധാരണമാണെങ്കിലും പാർട്ടിയെ തന്നെ ‘മോഷ്ടിക്കുന്നത്’ ആദ്യമായാണ്. പാർട്ടിക്ക് തന്റെ മുത്തച്ഛൻ കേശവ് താക്കറെയിട്ട പേരാണ് ശിവസേന. അതാർക്കും വിട്ടുകൊടുക്കില്ല-വിദർഭയിൽ ദ്വിദിന സന്ദർശത്തിന് എത്തിയ ഉദ്ധവ് പറഞ്ഞു. 2019 ൽ ബി.ജെ.പി വാക്കുപാലിച്ചിരുന്നെങ്കിൽ അവർക്ക് മറ്റ് പാർട്ടികളെ കഷ്ണങ്ങളാക്കി ഒപ്പംകൂട്ടേണ്ടി വരുമായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പകിട്ട് മങ്ങുന്നതിനാലാണ് പാർട്ടികളെ പിളർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.