ടിപ്പുവിനെ കൊന്നതാര്? -കർണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ വിവാദം
text_fieldsബംഗളൂരു: ഏപ്രിൽ -മെയ് മാസങ്ങളിൽ കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. ടിപ്പു സുൽത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. ടിപ്പു സുൽത്താനെ കൂട്ടുപിടിച്ച് കർണാടകയിലെ പ്രബലരായ വൊക്കലിഗ സമുദായത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.
എല്ലാതവണയും ടിപ്പു സുൽത്താനെതിരെ വി.ഡി. സവർക്കറെ ഉയർത്തിക്കാട്ടാറുള്ള പാർട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കൻമാരാണ് ടിപ്പു സുൽത്താനെ കൊന്നത് എന്നാണ്. എന്നാൽ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു. പക്ഷേ, ബി.ജെ.പി അവകാശവാദത്തിൽ നിന്ന് പിന്തിരിഞ്ഞിട്ടില്ല.
പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നൻജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുൽത്താനെ കൊന്നതെന്നാണ് ഇവർ അവകാശപ്പെടുന്നത്. അദ്ദണ്ഡ കരിയപ്പയുടെ ടിപ്പു നിജകനസുഗലു (ടിപ്പുവിന്റെ യഥാർഥ സ്വപ്നങ്ങൾ) എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള നാടകത്തിൽ ഇക്കാര്യമാണ് പറയുന്നത്.
ചരിത്രകാരൻമാർ ഇക്കാര്യം എതിർത്തിരുന്നു. എന്നാൽ വൊക്കലിഗ നേതാക്കൻമാരായ സി.ടി രവി, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിമാരായ അശ്വത് നാരായൺ, ഗോപാലയ്യ തുടങ്ങിയവരും ഈ അവകാശവാദത്തെ പിന്തുണക്കുന്നു.
വൊക്കലിഗ സമുദായം കൂടുതലായും കോൺഗ്രസിന്റെയും എച്ച്.ഡി കുമാരസാമിയുടെയും അനുയായികളാണ്. അവർ ഉറി ഗൗഡയും നൻജെ ഗൗഡയും വെറും കഥാപാത്രങ്ങൾ മാത്രമാണെന്ന് പറയുന്നു. എന്നാൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‍ലജെ, അശ്വത് നാരായൺ എന്നിവരെ പോലുള്ള ബി.ജെ.പി നേതാക്കൻമാർ ഉറി ഗൗഡയും നൻജെ ഗൗഡയും ജീവിച്ചിരുന്നതിന് തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നു.
സംസ്ഥാന ഹോർട്ടികൾച്ചർ മന്ത്രിയും നിർമ്മാതാവുമായ മുനിരത്ന ‘ഉറി ഗൗഡ നൻജെ ഗൗഡ’ എന്ന പേരിൽ സിനിമ എടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, വൊക്കലിഗക്കാരുടെ നേതാവായ ആദിചുഞ്ചനഗിരി മഠത്തിലെ മുഖ്യ മഠാധിപതി നിർമ്മലാനന്ദനാഥ മഹാസ്വാമി ഈ തീരുമാനത്തെ തടഞ്ഞു.
എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ടിപ്പു സുൽത്താന്റെ ഘാതകരെന്ന് ആരോപിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്ര രേഖകളും ശേഖരിച്ച് മഠത്തിന് സമർപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമി മന്ത്രി മുനിരത്‌നയെ കാണുകയും പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതുവരെയും ടിപ്പു വധവുമായി ബന്ധപ്പെട്ട് വൊക്കലിഗ സമുദായംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ സമുദായത്തെ പ്രതിനിധീകരിക്കുന്ന രണ്ട് വ്യക്തിത്വങ്ങളെ സിനിമയാക്കുന്നത് ശരിയല്ലെന്ന് സ്വാമി പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.