‘ആരാണ് ഹിന്ദി ഭാഷയെ എതിർത്തത്?, നിങ്ങളുടെ ചോദ്യം തെറ്റും അപ്രസക്തവുമാണ്’; മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് വിജയ് സേതുപതി
text_fieldsചെന്നൈ: ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിരന്തരം ഉയർത്തിയ മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് നടൻ വിജയ് സേതുപതി. ജനുവരി 12ന് റിലീസ് ചെയ്യുന്ന വിജയ് സേതുപതി-കത്രീന കൈഫ് ചിത്രം ‘മെറി ക്രിസ്മസി’ന്റെ പ്രമോഷൻ പരിപാടിക്കിടെ ചെന്നൈയിൽ നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം.
കഴിഞ്ഞ 75 വർഷത്തെ തമിഴ്നാട് രാഷ്ട്രീയ ചരിത്രം ഹിന്ദിയെ എതിർക്കുന്നതല്ലേ എന്നായിരുന്നു റിപ്പോർട്ടറുടെ ആദ്യ ചോദ്യം. ‘എനിക്ക് ഹിന്ദി അറിയില്ല’ എന്നെഴുതിയ ടി ഷർട്ട് ധരിച്ച് ഇന്നും ആളുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഹിന്ദി ഒരു ഭാഷ എന്ന നിലയിൽ ഒരിക്കലും എതിർക്കപ്പെട്ടിട്ടില്ലെന്ന് സേതുപതി ചൂണ്ടിക്കാട്ടി.
ഹിന്ദി ഭാഷ പഠിക്കേണ്ടതുണ്ടോ എന്നായി അടുത്ത ചോദ്യം. ആമിർ ഖാനോട് നിങ്ങൾ ഇതേ ചോദ്യം ചോദിച്ചത് ഞാൻ ഓർക്കുന്നുവെന്നും എന്തുകൊണ്ടാണ് നിങ്ങൾ ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നതെന്നും താരം ചോദിച്ചു. ‘ഹിന്ദി വേണ്ടെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഇവിടെ ആളുകൾ ഹിന്ദി പഠിക്കുന്നുണ്ട്, ആരും അതിനെ എതിർക്കുന്നില്ല. നിങ്ങളുടെ ചോദ്യം തെറ്റും അപ്രസക്തവുമാണ്. മന്ത്രി ത്യാഗരാജൻ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. ദയവായി അത് കാണുക’ -വിജയ് സേതുപതി പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിട്ടുണ്ട്.
ശ്രീരാം രാഘവൻ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. നേരത്തെ ക്രിസ്മസിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.