ബി.ജെ.പിയുടെ കള്ളപ്പണം: മോദിയുടെ പഴയ ‘ടെംപോ’ എടുത്ത് കടന്നാക്രമിച്ച് രാഹുൽ; ‘ആരാണീ പണം ടെംപോവാനിൽ കൊടുത്തുവിട്ടത്?’
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ കള്ളപ്പണം വിതരണം ചെയ്ത ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തത് മോദിക്കെതിരെ രൂക്ഷ വിമർശനത്തിന് ആയുധമാക്കി രാഹുൽ ഗാന്ധി. "മോദിജീ, ഈ 5 കോടി ആരുടെ 'സേഫി’ൽ നിന്നാണ് വന്നത്? പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ആരാണ് നിങ്ങൾക്ക് ടെമ്പോ വാനിൽ അയച്ചത്?" രാഹുൽ എക്‌സിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു. മോദിയുടെ തന്നെ കള്ളപ്പണവിരുദ്ധ പരാമർശങ്ങൾ പ്രയോഗിച്ചാണ് രാഹുലിന്റെ തിരിച്ചടി.
ഇക്കഴിഞ്ഞ മേയിൽ മോദി രാഹുലിനെതിരെ നടത്തിയ ‘അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ?’ എന്ന വിവാദ പരാമർശവും ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന പരാമർശവും കടമെടുത്താണ് അതേനാണയത്തിൽ രാഹുലിന്റെ ആക്രമണം.
ബി.ജെ.പി സ്ഥാനാർഥി രാജൻ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്ഡെ എത്തിയതെന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചിരുന്നു. പാൽഘഡിലെ വോട്ടർമാർക്ക് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പണം വിതരണം ചെയ്തതായി ബഹുജൻ വികാസ് അഘാഡി (ബി.വി.എ) തലവൻ ഹിതേന്ദ്ര താക്കൂറിന്റെ പരാതിയിൽ താവ്‌ഡെക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തെ മുൻനിർത്തിയാണ് രാഹുലിന്റെ കടന്നാക്രമണം.
ഇന്നലെയും മോദിയുടെ ‘സേഫ്’ പരാമർശത്തിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. ധാരാവി പുനർവികസന പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് മോദി ഈ മുദ്രാവാക്യം രൂപപ്പെടുത്തിയതെന്ന് രാഹുൽ ആരോപിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ നാടകീയമായി ‘സേഫ് ലോക്കറു’മായി എത്തിയായിരുന്നു രാഹുലിന്റെ വിമർശനം. സേഫിൽനിന്ന് "ഏക് ഹേ തോ സേഫ് ഹേ" എന്നെഴുതിയ ഗൗതം അദാനിയുടെയും പ്രധാനമന്ത്രി മോദിയുടെയും ചിത്രം പതിച്ച പോസ്റ്ററും പദ്ധതിയുടെ ഭൂപടമടങ്ങിയ മറ്റൊരു പോസ്റ്ററും പുറത്തെടുത്തായിരുന്നു പരിഹാസം. ധാരാവി പുനർവികസന പദ്ധതിയിലൂടെ ഒരു ലക്ഷം കോടി രൂപ വിലമതിക്കുന്ന ഭൂമി ഏറ്റെടുക്കാൻ അദാനിയെ സഹായിക്കുന്നതിനാണ് ‘ഏക് ഹേ തോ സേഫ് ഹേ" മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നതെന്നും രാഹുൽ ആരോപിച്ചു.
मोदी जी, यह 5 करोड़ किसके SAFE से निकला है? जनता का पैसा लूटकर आपको किसने Tempo में भेजा? https://t.co/Dl1CzndVvl
— Rahul Gandhi (@RahulGandhi) November 19, 2024
ഇക്കഴിഞ്ഞ മേയിൽ തെലങ്കാനയിലെ കരിംനഗറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലുമായി ബന്ധിപ്പിച്ച് അദാനിക്കും അംബാനിക്കുമെതിരെ മോദി കള്ളപ്പണ ആരോപണം ഉന്നയിച്ചത്. ‘തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -എന്നായിരുന്നു മോദിയുടെ പ്രസംഗം.
ഇതിന് മറുപടിയായി വിഡിയോയിലൂടെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവം ആണോ എന്നും മോദിയോട് രാഹുല്‍ ചോദിച്ചു. ‘നമസ്കാരം മോദിജി. താങ്കൾ പേടിച്ചു പോയോ? സാധാരണ അടച്ചിട്ട മുറികളിലാണ് താങ്കൾ അദാനി അംബാനി കാര്യങ്ങൾ സംസാരിക്കാറുള്ളത്. ഇതാദ്യമായി പൊതുയിടത്തിൽ താങ്കൾ അദാനി, അംബാനി എന്നൊക്കെ പറയുന്നു. ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ താങ്കൾക്ക് അറിയാം അല്ലേ..! താങ്കളുടെ സ്വന്തം അനുഭവമാണോ അത്?. ഒരു കാര്യം ചെയ്യൂ, സി.ബി.ഐയേയും ഇ.ഡിയേയും ഇവരുടെ (അദാനി- അംബാനി) അടുത്തേക്ക് അയക്കൂ. മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ.. ഇങ്ങനെ പേടിക്കല്ലേ മോദിജി’ -എന്നായിരുന്നു അന്ന് രാഹുൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.