‘ഇന്ത്യ’ എന്ന പേര് നിർദേശിച്ചതാര്? നിതീഷ് കുമാർ എതിർത്തതെന്തിന്?; പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ചൊല്ലി ചർച്ചയേറെ
text_fieldsബംഗളൂരുവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്) എന്ന് പേരിടുന്നതിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആദ്യം എതിർത്തതായി റിപ്പോർട്ട്. ഒരു പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് എങ്ങനെ പേരിടാനാവുമെന്നും എൻ.ഡി.എ എന്നതിനോട് അക്ഷരങ്ങളിലും ഉച്ചാരണത്തിലും സാമ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘ഇന്ത്യൻ മെയിൻ ഫ്രണ്ട്’, ‘ഇന്ത്യ മെയിൻ അലയൻസ്’ എന്നീ പേരുകളും അദ്ദേഹം നിർദേശിച്ചു. ഇടതു നേതാക്കൾ ‘സേവ് ഇന്ത്യ അലയൻസ്’, ‘വി ഫോർ ഇന്ത്യ’ എന്നീ പേരുകൾ മുന്നോട്ടുവെച്ചു. എന്നാൽ, മിക്ക പാർട്ടികളും ‘ഇന്ത്യ’ എന്ന പേരിനോട് യോജിച്ചതോടെ നിതീഷ് കുമാറും അംഗീകരിച്ചു.
‘ഡി’ എന്ന അക്ഷരത്തിന് ‘ഡെമോക്രാറ്റിക്’ എന്ന നിർവചനം നൽകാൻ ചർച്ച നടന്നപ്പോൾ എൻ.ഡി.എയുടെ പൂർണ രൂപത്തിലും ഡെമോക്രാറ്റിക് ഉണ്ടെന്നതിനാൽ വേണ്ടെന്ന അഭിപ്രായം ഉയർന്നു. ഇതോടെ കോൺഗ്രസ് ‘ഡെവലപ്മെന്റൽ’ എന്നാക്കാമെന്ന നിർദേശം മുന്നോട്ടുവെക്കുകയും അംഗീകരിക്കുകയുമായിരുന്നു.
‘ഇന്ത്യ’ എന്ന പേര് നിർദേശിച്ചത് രാഹുൽ ഗാന്ധിയാണെന്ന് എൻ.സി.പി നേതാവ് ജിതേന്ദ്ര ഔഹാദും മമത ബാനർജിയാണെന്ന് വിടുതലൈ ചിറുതൈഗൾ കക്ഷി നേതാവ് തോൾ തിരുമാവളവനും പറഞ്ഞു. രാഹുലാണ് പേര് നിർദേശിച്ചതെന്നും ഇതിന് വലിയ പ്രശംസ ലഭിക്കുകയും എല്ലാ പാർട്ടികളും അംഗീകരിക്കുകയും ചെയ്തെന്നും ജിതേന്ദ്ര വിശദീകരിച്ചു. അതേസമയം, മമതയാണ് പേര് നിർദേശിച്ചതെന്നും രാഹുൽ അത് അവതരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തന്റെ ട്വിറ്റർ ബയോയിലെ ഇന്ത്യ മാറ്റി ഭാരത് എന്നാക്കുകയും ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് വിശദീകരിക്കുകയും ചെയ്തു. കൊളോണിയൽ ചിന്താഗതിയില്‍നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുന്നതിനാകണം പോരാട്ടമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഹിമന്ദയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് (പ്രധാനമന്ത്രിയോട്) പറഞ്ഞാല്‍ മതിയെന്ന് ജയറാം രമേശ് പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ എന്നിങ്ങനെ മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്നാണ് പേര് നൽകിയത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍പോലും മോദി ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ പങ്കുവെച്ച് ജയറാം രമേശ് പരിഹസിച്ചു.
പ്രതിപക്ഷ പാർട്ടികൾ ജീതേഗ ഭാരത് (ഇന്ത്യ ജയിക്കും) എന്ന ടാഗ് ലൈനും വിശാല സഖ്യത്തിന് നൽകിയിട്ടുണ്ട്. ഇന്ത്യ വേഴ്സസ് ഭാരത് എന്ന ചർച്ച ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. പ്രതിപക്ഷ പാർട്ടി നേതാക്കൾ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ടാഗ് ലൈൻ നൽകാൻ തീരുമാനിച്ചത്. ഹിന്ദിയിലുള്ള ടാഗ് ലൈൻ തന്നെ ഉപയോഗിക്കണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.