ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ
text_fieldsന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത് പോലെയാണെന്നാണ് ഖാര്‍ഗെ മറുപടി നൽകിയത്.
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അവതാരകനായ ജനപ്രിയ ടിവി ക്വിസ് ഷോ ‘കോൻബനേഗ ക്രോർപതി’ പരാമർശിച്ചായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ എല്ലാ നേതാക്കളും കൂടിയാലോചിച്ച് തങ്ങളുടെ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ഷിംലയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയാണ് 2004 മുതൽ 2014 വരെ 10 വർഷം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ രാജ്യം ഭരിച്ചതെന്നും ഖാർഗെ ഓർമപ്പെടുത്തി.
‘2004ൽ സോണിയ ഗാന്ധിയോട് പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. ഞങ്ങൾക്ക് അന്ന് ഭൂരിപക്ഷമില്ലായിരുന്നു. 140 സീറ്റുകളാണുണ്ടായിരുന്നത്. 2009ലെ തെരഞ്ഞെടുപ്പിൽ 209 സീറ്റുകളുമായി ഞങ്ങൾ വീണ്ടും അധികാരത്തിലെത്തി. യു.പി.എ സഖ്യം രൂപവത്കരിക്കുകയും രാജ്യം ഭരിക്കുകയും ചെയ്തു’ -ഖാർഗെ പറഞ്ഞു. ചിലപ്പോഴൊക്കെ ബുദ്ധിശാലികളായ ആളുകള്‍ പോലും ചരിത്രം മറക്കുമെന്ന് ബി.ജെ.പി ലക്ഷ്യമിട്ട് ഖാര്‍ഗെ പരിഹസിച്ചു.
ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്നാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണം നടത്തുന്നത്. ബി.ജെ.പി വലിയ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ ജനത്തെ വഞ്ചിച്ചു. 2014ല്‍ രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. വിലക്കയറ്റം കുറക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ജയിച്ചതിന് ശേഷം മോദി തിരിഞ്ഞ് നോക്കിയില്ല. പ്രകൃതി ദുരന്തം അലയടിച്ചപ്പോള്‍ മോദി ഹിമാചലിനെ സഹായിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്തെ സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെയും അവര്‍ അധികാരത്തിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചെന്നും ഖാർഗെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.