അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സുപ്രിയക്ക് മേൽ സമ്മർദ്ദം; ആരാവും ശരദ് പവാറിന്റെ പിൻഗാമി?
text_fieldsമുംബൈ: ശരദ് പവാർ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതോടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ തിരക്കിട്ട നീക്കവുമായി എൻ.സി.പി. മുംബൈയിൽ നാളെ രാവിലെ 11ന് നടക്കുന്ന യോഗത്തിൽ പുതിയ പ്രസിഡന്റിനെ എൻ.സി.പി അംഗങ്ങൾ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എൻ.സി.പി അധ്യക്ഷയായേക്കുമെന്നാണ് കരുതുന്നത്.
ശരദ് പവാറിന്റെ പിൻഗാമിയെ കണ്ടെത്താൻ കമ്മിറ്റിയെ രൂപവത്കരിച്ചിരുന്നു. മുതിർന്ന അംഗങ്ങളായ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബാൽ, ദിലീപ് വാൽസ് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് തോപെ തുടങ്ങിയവരടങ്ങുന്നതാണ് കമ്മിറ്റി. ഈ കമ്മിറ്റിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
പാർട്ടി പിളർത്താനുള്ള അനന്തരവൻ അജിത് പവാറിന്റെ നീക്കം തടയിടാനാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനമെന്നാണ് കരുതുന്നത്. മകൾ അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെ പാർട്ടിയിൽ സ്വാധീനം നഷ്ടപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് 82കാരനായ ശരദ് പവാർ. ചൊവ്വാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പവാർ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നായിരുന്നു എൻ.സി.പി അംഗങ്ങളുടെ ആവശ്യം. സ്ഥാനത്ത് തുടരാൻ പവാറിൽ സമ്മർദ്ദം ചെലുത്തണമെന്നഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സുപ്രിയ സുലെയെ വിളിച്ചിരുന്നു. രാജ്യ സഭ എം.പി കാലാവധി അവസാനിക്കുന്ന 2026 വരെ പവാർ തുടരണമെന്നാണ് അണികളുടെ ആവശ്യം.
അതേസമയം, ശരദ് പവാർ രാജിവെച്ചതിനെ അനുകൂലിക്കുന്ന നിലപാടാണ് അജിത് പവാറിന്. അജിത് പവാറിനൊപ്പം എൻ.സി.പിയിലെ ചില എം.എൽ.എമാർ കൂറുമാറി ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുമെന്ന് അടുത്തിടെ അജിത് പവാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.