ബി.ജെ.പിയെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധനാക്കി മുദ്രകുത്തും -തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു
text_fieldsഹൈദരാബാദ്: ബി.ജെ.പിയെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധനാക്കി മുദ്രകുത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ബി.ജെ.പിയെ ചോദ്യംചെയ്യുന്നവരെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുകയോ അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളുടെ പരിശോധനക്ക് വിധേയമാകേണ്ടി വരികയോ വേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ഏഴുവർഷമായി കേന്ദ്രം ഇതുതന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖർ റാവുവിനെ ദേശവിരുദ്ധനെന്ന് വിളിച്ച ബി.ജെ.പി പ്രസിഡന്‍റ് ബണ്ഡി സജ്ഞയ്യുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അയൽരാജ്യങ്ങൾ നമ്മുടെ രാജ്യാതിർത്തി കൈയേറുന്നത് തടയണമെന്ന് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ട എന്നെ ദേശവിരുദ്ധനെന്ന് വിളിക്കാനാകുമോ?
രാഷ്ട്രപതി തെരഞ്ഞെടുപ്പിനും ലോക്സഭയിൽ വിവിധ ബില്ലുകൾ പാസാക്കുന്നതിനും പിന്തുണ നൽകിയപ്പോൾ ഞാൻ ദേശവിരുദ്ധനായിരുന്നില്ലേ? -റാവു ചോദിച്ചു.
നേരത്തേ, ചൈനയെ പിന്തുണച്ചും ഇന്ത്യ -ചൈന അതിർത്തിയിലെ സൈനികരെ അധിക്ഷേപിച്ചും റാവു രംഗത്തെത്തിയെന്ന് ബി.ജെ.പി നേതാവ് സജ്ഞയ് ആരോപിച്ചിരുന്നു. റാവു ദേശവിരുദ്ധനാണെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും സജ്ഞയ് ആവശ്യെപ്പട്ടിരുന്നു. സജ്ഞയ്യുടെ ആരോപണത്തെ പരിഹസിച്ച് രംഗത്തെത്തിയ കെ.സി.ആർ ബി.ജെ.പി നേതാക്കളുടെ ഭീഷണിയിൽ പേടിക്കുന്നയാളല്ല താനെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.