മൊത്തവില സൂചിക പണപ്പെരുപ്പം കുറഞ്ഞു; 15.18 ശതമാനം
text_fieldsന്യൂഡൽഹി: സാധനങ്ങളുടെ മൊത്തവില സൂചിക (ഡബ്ല്യൂ.പി.ഐ)അടിസ്ഥാനമാക്കിയ പണപ്പെരുപ്പം ജൂണിൽ കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 15.18 ശതമാനത്തിലെത്തി. കൽക്കരി, ഇരുമ്പയിര്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ധാതുക്കളുടെ വിലയിൽ കുത്തനെ ഇടിവുണ്ടായതാണ് കാരണം. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ മൊത്ത വില സൂചിക ഉയർന്നുതന്നെയാണ്. കഴിഞ്ഞ 15 മാസമായി പണപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മേയിൽ നിരക്ക് ഏറ്റവും ഉയർന്ന് 15.88 ശതമാനത്തിലെത്തിയിരുന്നു. 2021 ജൂണിൽ 12.07 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ മൊത്തവില പണപ്പെരുപ്പം ജൂണിൽ 14.39 ശതമാനമാണ്. പച്ചക്കറികൾ, പഴവർഗങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവക്കാണ് വലിയ വിലക്കയറ്റമുണ്ടായത്. മേയിൽ ഇത് 12.34 ശതമാനമായിരുന്നു. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ വിലക്കയറ്റത്തോത് ജൂണിൽ 77.29 ശതമാനത്തിലുമെത്തി.
അതേസമയം, ജൂണിലെ ചില്ലറ വില പണപ്പെരുപ്പം 7.01 ശതമാനമാണ്. റിസർവ് ബാങ്ക് (ആർ.ബി.ഐ)കണക്കാക്കുന്നതിനേക്കാൾ ഉയർന്ന പരിധിയിൽ തന്നെയാണ് കഴിഞ്ഞ ആറുമാസമായി ചില്ലറ വില പണപ്പെരുപ്പം തുടരുന്നത്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ മാർച്ചിനും ജൂണിനുമിടക്ക് രണ്ടുതവണകളായി അടിസ്ഥാന പലിശ നിരക്കിൽ ആർ.ബി.ഐ 90 ബേസിസ് പോയന്റ് (0.90 ശതമാനം)വർധന വരുത്തിയിരുന്നു. 2022-23ൽ പണപ്പെരുപ്പം 6.7 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.