കേമനാര്? മോദിയോ കെജ്രിവാളോ?
text_fieldsന്യൂഡൽഹി: പരമാവധി അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നൽകുന്ന നരേന്ദ്ര മോദിയുടെ ആയുഷ്മാൻ മോഡലാണോ ആരോഗ്യപരിരക്ഷക്ക് നല്ലത്? അതല്ല, ഒരു കോടി രൂപ ചെലവുള്ള ചികിത്സ സൗജന്യമായി നൽകുന്ന അരവിന്ദ് കെജ്രിവാളിന്റെ ഡൽഹി മോഡലോ? 70 വയസ്സിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ‘ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന’ക്ക് കീഴിലാക്കിയതിന് പിന്നാലെ ഈ തർക്കമുയർത്തിയിരിക്കുകയാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും. മോദിയുടെ പദ്ധതി വൻ അഴിമതിയാണെന്നും അമ്പേ പരാജയമാണെന്നും കുറ്റപ്പെടുത്തിയ അരവിന്ദ് കെജ്രിവാൾ ആരോഗ്യ പരിരക്ഷക്ക് തന്റെ ‘ഡൽഹി മാതൃക’ നടപ്പാക്കാൻ മോദിയോട് ആവശ്യപ്പെട്ടു.
ആയുഷ്മാനിൽ അഴിമതി കണ്ടെത്തിയത് സി.എ.ജി
ആയുഷ്മാൻ പദ്ധതി നടപ്പാക്കാത്തതിന് ഡൽഹിയിലെ ആം ആംദ്മി സർക്കാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയത് വടിയാക്കി അതേ വടികൊണ്ട് കേന്ദ്രത്തെ തിരിച്ചടിച്ചിരിക്കുകയാണ് കെജ്രിവാൾ. നരേന്ദ്ര മോദി സർക്കാറിന്റെ ആയുഷ്മാൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് താൻ പറയുകയല്ലെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയതാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യവിഷയത്തിൽ അവാസ്തവം പറയുന്നത് ശരിയല്ലെന്ന് കെജ്രിവാൾ മോദിയെ ഉണർത്തി. മനുഷ്യരുടെ രോഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയുമരുത്.
ആയുഷ്മാനെക്കുറിച്ച് ഉയരുന്നത് പരാതികൾ
ഡൽഹിയിൽ ജീവിക്കുന്ന എല്ലാവർക്കും എത്ര രൂപ ചെലവ് വന്നാലും സൗജന്യ ചികിത്സ നൽകുന്നുണ്ട്. അഞ്ച് രൂപയുടെ ഗുളികമുതൽ ഒരു കോടി ചെലവ് വരുന്ന ചികിത്സവരെ ഡൽഹി സർക്കാർ സൗജന്യമായി നൽകുന്നു.
പനിയോ ചുമയോ ഛർദിയോ എന്തുമാകട്ടെ ഡൽഹി ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ സൗജന്യമാണ്. ഡൽഹിയിലെ ആശുപത്രികളിൽ അഞ്ച് ലക്ഷം രൂപയുടെ പരിധിയില്ല. 50 ലക്ഷമോ ഒരു കോടിയോ ചെലവ് വരുന്ന ചികിത്സ സൗജന്യമാണ്.
എന്നാൽ, 70 കഴിഞ്ഞ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അഞ്ച് ലക്ഷം രൂപയുടെ ചികിത്സ നൽകാമെന്നാണ് മോദി പറയുന്നത്.
ആയുഷ്മാൻ ഭാരതിനെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിരവധി പരാതികളായുണുയരുന്നത്. അപ്പോൾ പിന്നെ ആയുഷ്മാൻ പദ്ധതിക്ക് ഡൽഹിയിലെന്താണ് കാര്യമെന്ന് കെജ്രിവാൾ ചോദിച്ചു.
ഡൽഹിയിൽ ആയുഷ്മാനുവേണ്ടി ബി.ജെ.പി കോടതിയിൽ പോകും
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിക്കിട്ടാൻ ഡൽഹിയിലെ ഏഴ് ബി.ജെ.പി എം.പിമാരും സംയുക്തമായി കോടതിയിൽ പോകുമെന്ന് ബി.ജെ.പി നേതാവ് ഭാസുരി സ്വരാജ് എം.പി പ്രതികരിച്ചു. കെജ്രിവാൾ പറയുന്ന സൗജന്യ ചികിത്സ കിട്ടാതെ ശസ്ത്രക്രിയ ആവശ്യമായിവന്ന രോഗിക്ക് ഡൽഹി ഹൈകോടതിയിൽ പോകേണ്ടിവന്നുവെന്ന് ഭാസുരി സ്വരാജ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.