മഹുവ ആരുടെയൊക്കെ ഇര?
text_fieldsന്യൂഡൽഹി: ലോക്സഭയിൽനിന്ന് പുറന്തള്ളപ്പെട്ട തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര ആരുടെയൊക്കെ ഇര? എം.പി സ്ഥാനത്തിന് അയോഗ്യത കൽപിച്ച് ലോക്സഭ പ്രമേയം പാസാക്കിയപ്പോൾ ചോദ്യം ബാക്കി.
ബി.ജെ.പിയും തൃണമൂൽ കോൺഗ്രസുമായുള്ള ശത്രുതയേക്കാൾ, മഹുവക്കെതിരായ പരാതിയും കുറ്റപത്രവും തയാറായിത്തുടങ്ങിയത് ലോക്സഭയിൽ ഉന്നയിച്ച ആറു ഡസനോളം വരുന്ന ചോദ്യങ്ങളിൽനിന്നാണ്. ചോദ്യങ്ങളിൽ ബഹുഭൂരിപക്ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഗൗതം അദാനിക്കെതിരായിരുന്നു. മഹുവക്കെതിരെ സ്പീക്കർക്ക് പരാതി കൊടുത്ത ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ ബിരുദങ്ങൾ വ്യാജമാണെന്ന ആരോപണം ഉയർത്തിയതും മഹുവയായിരുന്നു. ഗുജറാത്ത് വംശഹത്യക്കിടയിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽനിന്ന് വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതടക്കമുള്ള നിയമയുദ്ധങ്ങൾ പുറമെ.
ദുബൈയിൽ താമസക്കാരനായ ദർശൻ ഹീരാനന്ദാനിക്ക് പാർലമെന്റ് വെബ്പോർട്ടലിന്റെ ഐഡിയും പാസ്വേഡും നൽകിയതിൽ മഹുവക്ക് തെറ്റി. എം.പിമാരുടെ ചോദ്യങ്ങൾ പി.എമാർ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യാറുണ്ട് എന്നത് നേര്. എന്നാൽ, ഒരു കോർപറേറ്റിന് വെബ്പോർട്ടലിന്റെ ‘താക്കോൽ’ നൽകാൻ പാടില്ലാത്തതാണ്. അതിന്റെ പേരിലോ സൗഹൃദത്തിന്റെ പേരിലോ വെച്ചുനീട്ടിയ സമ്മാനങ്ങളും ചോദിച്ചു വാങ്ങിയ സൗകര്യങ്ങളും എം.പിയെ സംബന്ധിച്ചിടത്തോളം അധാർമികമാണ്. അത് ആരെങ്കിലും സ്വീകരിക്കുന്നുണ്ടോ, ഇതാദ്യമായി മഹുവയാണോ സ്വീകരിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം, ഹീരാനന്ദാനി വഴി മഹുവക്കുള്ള കോർപറേറ്റ് ബന്ധം അനായാസം തെളിഞ്ഞു. ‘താക്കോൽ’ നൽകിയിട്ടുണ്ടെന്നും സമ്മാന-സൗകര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മഹുവ തന്നെ സമ്മതിക്കുന്നുണ്ട്. എം.പി സ്ഥാനത്തുനിന്ന് പുറത്താക്കാൻതക്ക കടുത്ത കുറ്റമാണോ അതെന്ന ചോദ്യം ബാക്കി. കോഴപ്പണം സ്വീകരിച്ചിട്ടില്ലെന്ന് മഹുവ ആണയിടുന്നു. സ്വീകരിച്ചെന്ന് എത്തിക്സ് കമ്മിറ്റി തെളിയിച്ചിട്ടുമില്ല. പക്ഷേ, മുൻകൂട്ടി നിശ്ചയിച്ച തിരക്കഥപോലെ കാര്യങ്ങൾ മുന്നോട്ടുനീങ്ങി.
ജയ് ആനന്ദ് എന്ന അഭിഭാഷകനുമായി മഹുവക്കുണ്ടായിരുന്ന മുൻകാല ബന്ധത്തിൽ വീണ വിള്ളലാണ് എം.പി സ്ഥാനം തെറിപ്പിച്ചതിൽ കലാശിച്ചത്. മഹുവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാമായിരുന്ന ജയ് ആനന്ദാണ് പരസ്പരം തെറ്റിയപ്പോൾ വിവരങ്ങൾ പരാതി രൂപത്തിൽ നിഷികാന്ത് ദുബെക്ക് കൈമാറിയത്. ദർശൻ ഹീരാനന്ദാനി ദുബൈയിലിരുന്ന് യു.എ.ഇ കോൺസൽ ജനറലിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച് കൈമാറിയ സത്യവാങ്മൂലം, ആഭ്യന്തര-വിദേശകാര്യ-ഐ.ടി മന്ത്രാലയങ്ങളിൽനിന്നുള്ള വിവരം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പുറത്താക്കൽ റിപ്പോർട്ട് തയാറായത്. ലോക്സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എം.പിയെ പുറന്തള്ളാനും കഴിയുമെന്ന് ബി.ജെ.പി തെളിയിച്ചു. കോർപറേറ്റ് താൽപര്യങ്ങൾ ജനവിധിക്കും മേലെയാണെന്നുകൂടി ചൂണ്ടിക്കാട്ടുന്നുണ്ട് ഈ പുറത്താക്കൽ. ദേശതാൽപര്യത്തിന് വിരുദ്ധമായ ചോദ്യങ്ങൾ മഹുവ ഉന്നയിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇതിനൊപ്പം ബാക്കി.
2005ൽ ബി.ജെ.പിയിലെ ആറു പേർ അടക്കം 11 എം.പിമാരെ ചോദ്യക്കോഴ വിഷയത്തിൽ ലോക്സഭ പുറത്താക്കിയിരുന്നു. അതിൽനിന്ന് മഹുവ സംഭവത്തിനുള്ള വ്യത്യാസം, കോഴപ്പണം വാങ്ങിയെന്ന് തെളിയാതെ പുറത്താക്കപ്പെടുന്നു എന്നതാണ്. അക്കാര്യം അന്വേഷണ ഏജൻസികൾക്ക് വിട്ടുകൊടുക്കണമെന്ന് സർക്കാറിനോട് നിർദേശിക്കുകയാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ചെയ്തിരിക്കുന്നത്. എം.പിമാർക്കുള്ള വെബ് പോർട്ടലിൽ മറ്റാരെങ്കിലും പ്രവേശിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്ന വിധത്തിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് നൽകിയതും ശ്രദ്ധേയം. എം.പിമാരുടെ പി.എമാർ ഇക്കാലമത്രയും നിർബാധം ഉപയോഗിച്ചുപോന്ന സംവിധാനത്തെക്കുറിച്ചാണ് പൊടുന്നനെ ആശങ്ക ഉയർന്നത്. എം.പിമാർക്കിടയിൽ വിതരണംചെയ്യുന്ന ബില്ലും മറ്റു രേഖകളും തരപ്പെടുത്താൻ ഇത്തരത്തിലുള്ള പ്രവേശനത്തിന് കഴിയുമെന്നാണ് വിശദീകരണം.
കാലാവധിക്ക് ആറുമാസം മുമ്പേ എം.പി സ്ഥാനം പോയ മഹുവക്ക് വീണ്ടും മത്സരിക്കാൻ മറ്റു തടസ്സങ്ങളില്ല. തൃണമൂൽ കോൺഗ്രസ് ടിക്കറ്റ് നൽകിയാൽ മതി. മഹുവയുടെ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് തുടക്കത്തിൽ കാണിച്ച നിസ്സംഗത മമത-മഹുവ അകൽച്ചയുണ്ടോ എന്ന ചർച്ചകൾ ഉയർത്തി. മമത കനിയാതെ മഹുവക്ക് വീണ്ടും ടിക്കറ്റ് കിട്ടില്ല. ഇര പരിവേഷത്തോടെ കളത്തിലിറക്കുമ്പോൾ ഭൂരിപക്ഷം കൂടിയെന്നും വരും. മഹുവക്കുള്ള വോട്ട് 50,000 കണ്ട് വർധിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞുവെന്ന് കോൺഗ്രസിലെ കാർത്തി ചിദംബരം പറഞ്ഞത് ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.