അദാനിക്കൊപ്പം ശരദ് പവാറിനെ കണ്ടിട്ടും രാഹുൽ ഗാന്ധിയും കോൺഗ്രസും മിണ്ടാതിരിക്കുന്നത് എന്താണ് -അസം മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: അദാനിക്കെതിരെ എപ്പോഴും ആഞ്ഞടിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എൻ.സി.പി നേതാവ് ശരദ് പവാറിനെ ഗൗതം അദാനിക്കൊപ്പം കണ്ടിട്ടും രാഹുൽ ഗാന്ധിയും കോൺഗ്രസും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നായിരുന്നു ഹിമന്തയുടെ ചോദ്യം.
''അതാണ് സൗകര്യത്തിന്റെ രാഷ്ട്രീയം. രാഹുലിന്റെ സുഹൃത്തായ ശരദ് പവാറിനെ അദാനിയുടെ വീട്ടിൽ കണ്ടു. അതുകൊണ്ട് രാഹുൽ അദാനിക്കെതിരെ സംസാരിക്കുമോ? രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പിനെ കുറിച്ച് നിങ്ങൾക്ക് വിധിയെഴുതാം. ഇന്ന് അദാനിക്കൊപ്പം എന്നെയാണ് കണ്ടതെങ്കിൽ എന്റെ കാര്യം തീരുമാനമാകുമായിരുന്നു. എന്നാൽ ശരദ് പവാറിനെ അദാനിക്കൊപ്പം കണ്ടിട്ടും എന്താണ് ഒരക്ഷരം പോലും മിണ്ടാത്തത്?''-ഹിമന്ത ബിശ്വ ശർമ ചോദിച്ചു.
അദാനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇന്ന് കേന്ദ്രസർക്കാർ ഉദ്ഘാടനം ചെയ്യുകയാണെങ്കിൽ എന്തായിരിക്കും കോൺഗ്രസിന്റെ പ്രതികരണം. അദാനിക്കൊപ്പം ശരദ് പവാറിനെ നിരവധി തവണ കണ്ടിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത്. -ഹിമന്ത ചോദിച്ചു.
ഇൻഡ്യ സഖ്യത്തിലെ അംഗമാണ് ശരദ്പവാറിന്റെ എൻ.സി.പിയും. അദാനിക്കെതിരായ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പ്രതിപക്ഷം നിരവധി തവണ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. അഹ്മദാബാദിലെ അദാനിയുടെ ഓഫിസ് ആണ് ശരദ് പവാർ സന്ദർശിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അദാനി ശരദ് പവാറിന്റെ മുംബൈയിലെ വസതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.