നിങ്ങളെന്തിനാണ് വയോധികരും രോഗികളുമായ എന്റെ മാതാപിതാക്കളെ ഉന്നംവെക്കുന്നത്? മോദിയോട് കെജ്രിവാൾ
text_fieldsന്യൂഡൽഹി: തന്നെ പൂർണമായി തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രോഗികളും വയോധികരുമായ മാതാപിതാക്കാളെ ഉന്നംവെക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഇങ്ങനെ വേട്ടയാടുന്നതിലൂടെ പ്രധാനമന്ത്രി എല്ലാ പരിധിയും കടക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.
കെജ്രിവാളിന്റെ വീട്ടിൽ വെച്ച് പി.എ ആയ ബൈഭവ് കുമാർ മർദിച്ചുവെന്ന സ്വാതി മലിവാളിന്റെ ആരോപണത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് തീരുമാനിച്ചിരുന്നു. ''എനിക്ക് പ്രധാനമന്ത്രിയോട് ഒരു അപേക്ഷയുണ്ട്. നിങ്ങൾ എന്റെ എം.എൽ.എയെ അറസ്റ്റ് ചെയ്തു. ഞാൻ തകർന്നില്ല. നിങ്ങളെന്റെ മന്ത്രിയെ അറസ്റ്റ് ചെയ്തു. എന്നാൽ അതും എന്നെ തളർത്തിയില്ല. ഒടുവിൽ എന്നെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ചു. ഇപ്പോൾ എല്ലാ സീമകളും നിങ്ങൾ ലംഘിച്ചിരിക്കുകയാണ്. എന്നെ തകർക്കാൻ നിങ്ങളെന്റെ വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ ഉന്നംവെക്കുകയാണ്. അമ്മയെ പല രോഗങ്ങളും അലട്ടുന്നുണ്ട്. എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ അവർ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്റെ പിതാവിന് 85 വയസായി. അദ്ദേഹത്തിന് കേൾവി പ്രശ്നമുണ്ട്. എന്റെ മാതാപിതാക്കൾ കുറ്റക്കാരാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്തിനാണ് അവരെയിങ്ങനെ വേട്ടയാടുന്നത്? ദൈവം നിങ്ങൾക്ക് ഒരിക്കലും മാപ്പുനൽകില്ല.''-എന്നാണ് കെജ്രിവാൾ ഓൺലൈൻ വഴി നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് ഡൽഹി പൊലീസ് അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചിരുന്നു. മേയ് 13ന് കെജ്‍രിവാളിന്റെ വീട്ടിൽ വെച്ച് പി.എ ബൈഭവ് കുമാർ മർദിച്ചുവെന്നാണ് സ്വാതി മലിവാളിന്റെ പരാതി. പരാതിയെ തുടർന്ന് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.