ലൗ ജിഹാദിനെതിരായ നിയമനിർമാണം മഹായുതിയിൽ വിള്ളലുണ്ടാക്കുമോ? എതിർപ്പ് പരസ്യപ്പെടുത്തി സഖ്യകക്ഷികൾ
text_fieldsദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി ലൗ ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനും എതിരെ നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് പറയാറുണ്ടായിരുന്നു. എന്നാൽ മഹായുതിയിലെ ചില സഖ്യകക്ഷികളും പ്രതിപക്ഷവും നിർദ്ദിഷ്ട നിയമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനാൽ മുന്നോട്ടുള്ള വഴി അത്ര എളുപ്പമല്ല.
മിശ്രവിവാഹങ്ങൾക്ക് ആരും എതിരല്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു എൻ.സി.പി മന്ത്രി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മിശ്രവിവാഹങ്ങളിൽ ഏർപ്പെട്ട സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അവ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും വേണം, എന്നാൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തുന്നതിനെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ നേതൃത്വത്തിലുള്ള ആർ.പി.ഐ(എ) നിർദ്ദിഷ്ട നിയമത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. മിശ്രവിവാഹങ്ങളെ ‘ലൗ ജിഹാദ്’ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ഭരണഘടന ജാതിയുടെയും സമുദായത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ലെന്നും രാംദാസ് അത്താവാലെ പറഞ്ഞു. എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിരവധി ക്ഷേമപദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് മിശ്രവിവാഹത്തോട് വിവേചനം കാണിക്കുന്നത്? ഇത്തരം വിവാഹങ്ങളിൽ കുറ്റകൃത്യങ്ങൾ ഉണ്ടായാൽ ശക്തമായ നിയമങ്ങൾ കൊണ്ട് അവ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെടുന്നു. വിവിധ വലതുപക്ഷ സംഘടനകളിൽ നിന്നുള്ള വർധിച്ച സമർദ്ദമാണ് ലവ് ജിഹാദ് വിരുദ്ധ നിയമം കൊണ്ടുവരാനുള്ള സർക്കാറിന്‍റെ നിർദ്ദേശത്തിന്‍റെ പ്രധാന കാരണമായി കാണുന്നത്.
നിർദിഷ്ട നിയമം നിയമസഭയുടെ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കില്ലെന്ന് ബി.ജെ.പി സഖ്യകക്ഷികൾക്ക് ഉറപ്പുനൽകിയതായി വൃത്തങ്ങൾ പറഞ്ഞു. നിയമം അവതരിപ്പിക്കുന്നത് ഭരണസഖ്യത്തിലെ വിള്ളലുകൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിന് അവസരം നൽകുമെന്ന് പാർട്ടിക്ക് വ്യക്തമായ ബോധ്യം ഉള്ളതിനാലാകും ഇത്തരമൊരു നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.