പത്മഭൂഷൺ നിരസിച്ചത് രാഷ്ട്രീയ നിലപാടിന്‍റെ ഭാഗം -ബുദ്ധദേബ് ഭട്ടാചാര്യ
text_fieldsകൊൽക്കത്ത: പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചത് രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്. മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല. നേരത്തേ അറിയിച്ചാലും സ്വീകരിക്കില്ല. ഇതിന്‍റെ പേരിൽ അപവാദ പ്രചാരണം അനാവശ്യമാണെന്നും ബുദ്ധദേബ് പറഞ്ഞു.
അതേസമയം, ഭട്ടാചാര്യയുടെ സൽപ്പേരിനെ പിച്ചിച്ചീന്തിക്കൊണ്ട് ബംഗാളിലെ ഇടതുപക്ഷ വോട്ടർമാരുടെ അനുഭാവം നേടിയെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രപരമായ നടപടിയാണ് പത്മ പ്രഖ്യാപനമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി നേതാവ് സുജൻ ചക്രബർത്തി ആരോപിച്ചു. മുൻകൂട്ടി അറിയിക്കാതെ ബുദ്ധദേബിന്‍റെ പേര് പത്മ പട്ടികയിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും ചോദ്യം ചെയ്തു.
പത്മ അവാർഡ് നിരസിക്കുന്ന മൂന്നാമത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ് ഭട്ടാചാര്യ. 1992ൽ നരസിംഹറാവു സർക്കാർ നൽകാനിരുന്ന പത്മവിഭൂഷൺ ഇ.എം.എസ് നമ്പൂതിരിപ്പാട് നിരസിച്ചിരുന്നു. 2008ൽ മൻമോഹൻ സിംഗ് സർക്കാരിന്‍റെ ഭാരതരത്‌ന നിരസിച്ചാണ് ജ്യോതി ബസു വാർത്തയിൽ ഇടം പിടിച്ചത്. 'കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു, ജനങ്ങളുടെ അംഗീകാരം മാത്രമാണ് പാർട്ടി നേതാക്കൾ വിലമതിക്കുന്ന ഒരേയൊരു അവാർഡ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ബുദ്ധദേബിനെ ഫോൺ വഴി അറിയിക്കുന്നത്. ബാബരി മസ്ജിദ് തകർത്തതിന്‍റെ സൂത്രധാരന്മാരിൽ ഒരാളായ ബി.ജെ.പി നേതാവ് കല്യാണ് സിങ്ങിന് പത്മവിഭൂഷണും ബുദ്ധദേബിന് പത്മഭൂഷണും പ്രഖ്യാപിച്ചതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബുദ്ധദേബ് പുരസ്‌കാരം നിരസിച്ചതിനെ വിവിധ നേതാക്കൾ പ്രശംസിച്ചിരുന്നു. അതേസമയം, ദേശീയതയെ അംഗീകരിക്കാത്തതിനാലാണ് അവാർഡ് നിരസിക്കുന്നതെന്ന് ബി.ജെ.പി അടക്കമുള്ള കക്ഷികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.