'അന്ത്യ അത്താഴത്തെ അനുസ്മരിച്ചുള്ള സ്കിറ്റ് മതനിന്ദ'; ഇടതുപക്ഷക്കാർ ഒളിമ്പിക്സിനെ ഹൈജാക്ക് ചെയ്തു -കങ്കണ
text_fieldsന്യൂഡൽഹി: ഡാവിഞ്ചിയുടെ വിഖ്യാതചിത്രം അന്ത്യ അത്താഴത്തെ അനുസ്മരിച്ച് പാരീസ് ഒളിമ്പിക്സിൽ അവതരിപ്പിച്ച സ്കിറ്റ് മതനിന്ദയെന്ന് ബി.ജെ.പി എം.പി കങ്കണ റാവത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അവസാന അത്താഴത്തെ മോശമായി ചിത്രീകരിക്കുന്ന സ്കിറ്റിൽ കുട്ടികളെ ഉൾപ്പെടുത്തിയതിലൂടെ പാരീസ് ഒളിമ്പിക്സ് വിവാദത്തിലായിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. നഗ്നനായ ഒരാളെ നീല പെയിന്റടിച്ച് ജീസസായി അവതരിപ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷക്കാർ ഈ ഒളിമ്പിക്സിനെ പൂർണമായും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കങ്കണ റാവത്ത് ആരോപിച്ചു.
താൻ സ്വവർഗ ലൈംഗികതക്ക് എതിരല്ലെന്നും എന്നാൽ, പാരീസിൽ കണ്ടത് അതിനപ്പുറത്തുള്ളതാണെന്നും, ഒളിമ്പിക്സിലെ ഗെയിമുകളിലെ പങ്കാളിത്തത്തിന് ലിംഗവുമായി ബന്ധമൊന്നുമില്ലെന്നും കങ്കണ പറഞ്ഞു. എന്തുകൊണ്ടാണ് ലൈംഗികതയെ നമുക്ക് കിടപ്പുമുറിക്കുള്ളിൽ ഒതുക്കി നിർത്താനാവാത്തതെന്നും അവർ ചോദിച്ചു.
യേശു ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പാരഡിയാക്കി കൊണ്ടുള്ള പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ് വിവാദമായിരുന്നു. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സ്കിറ്റിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 18 പേർ ഒരു ടേബിളിന് ചുറ്റുമിരിക്കുന്നതാണ് സ്കിറ്റിലുള്ളത്. ഇതിൽ പങ്കെടുത്തവരുടെ വേഷമുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.