അരുൺ ഗോയലിന്‍റെ രാജിക്ക് കാരണമെന്ത്? മുഖ്യ തെര. കമീഷണറുടെ മറുപടി ഇങ്ങനെ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് മാർച്ച് ഒമ്പതിന് തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയൽ രാജി പ്രഖ്യാപിച്ചത്. 2027 വരെ സേവന കാലാവധിയുണ്ടായിരുന്നുവെങ്കിലും ഗോയൽ രാജിവെക്കുകയായിരുന്നു. ഇതിനെ ചൊല്ലി പല അഭ്യൂഹങ്ങളുമുയർന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർഥിയാകാൻ വേണ്ടിയാണ് രാജിയെന്ന അഭ്യൂഹങ്ങളുമുണ്ടായി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായി അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്നും പറയപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിലൊന്നും കൃത്യമായ സ്ഥിരീകരണമില്ല.
ഇന്ന്, ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നടത്തിയ വാർത്താസമ്മേളനത്തിലും അരുൺ ഗോയലിന്‍റെ രാജി ചോദ്യമായി ഉയർന്നു. എന്തായിരുന്നു അരുൺ ഗോയൽ രാജിവെക്കാനുള്ള കാരണം എന്നായിരുന്നു ചോദ്യം. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ ഈ തീരുമാനത്തെ മാനിക്കുന്നു എന്നാണ് രാജീവ് കുമാർ മറുപടി നൽകിയത്.
കമീഷനിലെ വിശിഷ്ട അംഗമായിരുന്നു ഗോയലെന്നും, അംഗങ്ങൾ തമ്മിൽ അഭിപ്രായങ്ങളിലുള്ള വ്യത്യസങ്ങൾ തെരഞ്ഞെടുപ്പ് കമീഷനിൽ എല്ലാക്കാലവും ഉണ്ടായിരുന്നെന്നും അദ്ദേഹം മറുപടി നൽകി. ഗോയലിനൊപ്പം പ്രവർത്തിച്ചത് നല്ല അനുഭവമായിരുന്നു. ഏത് സ്ഥാപനത്തിലായാലും ആളുകളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് ഒരു ഇടമുണ്ടാകും. ഈ വ്യക്തിപരമായ ഇടത്തിൽ മറ്റുള്ളവർ ഇടപെടുകയോ വിവേകരഹിതമായ ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യരുത്. അരുൺ ഗോയലിന്‍റെ രാജിക്ക് വ്യക്തിപരമായ കാരണങ്ങളാണെങ്കിൽ അതിന് നമ്മൾ മാനിക്കുക തന്നെ ചെയ്യണം -രാജീവ് കുമാർ പറഞ്ഞു.
മാർച്ച് ഒമ്പതിന് അരുൺ ഗോയലിന്‍റെ രാജിക്ക് പിന്നാലെ കമീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മാത്രമാണ് അവശേഷിച്ചിരുന്നത്. തുടർന്ന് മാർച്ച് 14ന് ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും പുതിയ തെരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയോഗിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.