രാഹുലിന്‍റെ പദയാത്രക്ക് 'ഭാരത് ജോഡോ' എന്ന പേര് നൽകിയത് എന്തിനെന്ന് പ്രതിപക്ഷം ചോദിക്കണം - ഹിമന്ത ബിശ്വ ശർമ
text_fieldsന്യൂഡൽഹി: സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാജ്യം ഭാരതമെന്ന പേരിൽ അറിയപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾക്കും രാജ്യം ഭാരത് എന്നറിയപ്പെടുന്നതാണ് താത്പര്യം. പ്രതിപക്ഷ പാർട്ടികൾ ഭാരത് എന്ന പേരിനെയും ഹിന്ദുത്വത്തെയും തുടച്ചുനീക്കാനുള്ള ഗൂഢാലോചനകൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഭാരതത്തിന് സൂര്യനേയും ചന്ദ്രനേയും പോലെ പഴക്കമുണ്ട്. സൂര്യനും ചന്ദ്രനും നിലനിൽക്കുന്നത്ര കാലം ഭാരതവുമുണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും രാജ്യത്തെ ഭാരതമെന്ന് അറിയപ്പെടാനാണ് ഇഷ്ടം"- ശർമ പറഞ്ഞു.
ജി-20 സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയ വിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് നൽകിയതിനെതിരെ വിവാദങ്ങൾ കനക്കുന്നതിനിടെയാണ് ശർമയുടെ പരാമർശം. പ്രതിപക്ഷ പാർട്ടികൾ ഹിന്ദുക്കളെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനകൾ നടത്തുകയാണെന്നും ഇപ്പോൾ അവർ ഭാരതത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.
"പ്രതിപക്ഷ പാർട്ടികൾ നിങ്ങളുടെ നേതാവായ രാഹുൽ ഗാന്ധിയോട് അദ്ദേഹത്തിന്‍റെ പദയാത്രയുടെ പേര് 'ഇന്ത്യ ജോഡോ യാത്ര' എന്നതിന് പകരം 'ഭാരത് ജോഡോ യാത്ര' എന്നാക്കി മാറ്റിയത് എന്തിനാണെന്ന് ചോദിക്കണം. ഞങ്ങൾ ഭാരതം എന്ന് പറയുമ്പോഴാണ് പ്രശ്നം. അവർ ഭാരതം എന്ന് പറയുന്നതിൽ അവർക്ക് (പ്രതിപക്ഷത്തിന്) യാതൊരു കുഴപ്പവുമില്ല. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണ്. ഭാരത്തിന്‍റെ ഈ പേര് ആയിരം വർഷങ്ങൾക്ക് മുമ്പേയുള്ളതാണ്. നമ്മുടെ രാജ്യത്തിന്‍റെ പേര് ഭാരത് എന്നായിരുന്നു, അത് ഇന്നും അങ്ങനെയാണ്, നാളെയും അങ്ങനെയായിരിക്കും" - ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.