‘എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ല’; വിദ്യാർഥികളെ അധിക്ഷേപിച്ച അധ്യാപികക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: മതവിശ്വാസത്തെ അവഹേളിച്ചും എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്ന് ചോദിച്ചും വിദ്യാർഥികളെ അധിക്ഷേപിച്ച അധ്യാപികക്കെതിരെ കേസെടുത്തു. ഡൽഹി ഗാന്ധി നഗറിലെ ഗവ. സർവോദയ ബാല വിദ്യാലയത്തിലെ അധ്യാപിക ഹേമ ഗുലാത്തിക്കെതിരെയാണ് കേസ്.
യു.പിയിലെ മുസഫർപൂരിൽ തൃപ്ത ത്യാഗിയെന്ന അധ്യാപിക മുസ്‌ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവം പുറത്തറിഞ്ഞിരിക്കുന്നതും മറ്റൊരു അധ്യാപികക്കെതിരെ കൂടി കേസെടുത്തിരിക്കുന്നതും.
ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥികളുടെ മതവിശ്വാസത്തെ അവഹേളിച്ച് സംസാരിച്ചു. കൂടാതെ, വിഭജനകാലത്ത് നിങ്ങളും കുടുംബവും എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്നും ചോദിക്കുകയായിരുന്നു അധ്യാപിക ഹേമ ഗുലാത്തി. സംഭവത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലു പേർ ഡൽഹി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിഭജന സമയത്ത് നിങ്ങൾ പാകിസ്ഥാനിലേക്ക് പോയിട്ടില്ല. നിങ്ങൾ ഇന്ത്യയിൽ തന്നെ നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങളുടെ ഒരു സംഭാവനയും ഇല്ല -അധ്യാപിക പറഞ്ഞതായി വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.
അധ്യാപികക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.