എന്തിനാണ് ആ പാവപ്പെട്ട സ്ത്രീയെ ഉപദ്രവിക്കുന്നത്? -സോണിയയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ എതിർപ്പുമായി ഗുലാം നബി ആസാദ്
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് അഴിമതി കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
''എന്തിനാണ് ആ പാവം സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കുന്നത്?''-എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ മുന്നിൽ അദ്ദേഹം ചോദിച്ചത്. ''യുദ്ധത്തിൽ പോലും രോഗികളെയും സ്ത്രീകളെയും ഉപദ്രവിക്കരുതെന്നാണ് നിയമം. യുദ്ധത്തിലെ അടിസ്ഥാന നിയമമാണിത്. ഇക്കാര്യം സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മനസിലാക്കണം. രോഗിയായ സ്ത്രീയെ പിന്നാലെ നടന്ന് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുകയാണ്. അവരുടെ ആരോഗ്യനിലയെ മാനിച്ചെങ്കിലും''-ഗുലാം നബി പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ കൈയിൽ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്നും മകൻ രാഹുൽ ഗാന്ധിയെ നിരവധി ഡസൻ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരിക്കെ എന്തിനാണ് പാവപ്പെട്ട സ്ത്രീയെ ഉപദ്രവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ കേസിൽ സോണിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് അധികൃതർ പറഞ്ഞു.
ചോദ്യം ചെയ്യൽ പൂർത്തിയായതോടെ സോണിയ ഇ.ഡി ഓഫിസിൽ നിന്ന് പുറത്തിറങ്ങി. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാംതവണയാണ് സോണിയയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ഏതാണ്ട് ഏഴുമണിക്കൂറോളമാണ് സോണിയയെ ഇന്ന് ചോദ്യം ചെയ്തത്. പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.