
ഹാഥ്റസിൽ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അമിത് ഷാ എവിടെയായിരുന്നു -മമത ബാനർജി
text_fieldsകൊൽക്കത്ത: ബി.ജെ.പി പ്രവർത്തകന്‍റെ മാതാവ് മരിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. ഉത്തർപ്രദേശിലെ ഹാഥ്റസ് സംഭവം നടന്നപ്പോൾ ആഭ്യന്തര മന്ത്രി എവിടെയായിരുന്നുവെന്നായിരുന്നു മമതയുടെ ചോദ്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ മമത, 85കാരിയായ ശോവ മജൂംദാറിന്‍റെ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ലെന്നും പറഞ്ഞു.
'എങ്ങനെയാണ് ആ സഹോദരി മരിച്ചതെന്ന് വ്യക്തമല്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയുമില്ല. എന്‍റെ സഹോദരിമാർക്കും അമ്മമാർക്കും നേരെ നടക്കുന്ന അക്രമത്തെ ഒരിക്കലും പിന്തുണക്കില്ല. പക്ഷേ ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി കാണുന്നു. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു ചോദിച്ചു. എന്നാൽ ഉത്തർപ്രദേശിെല ഹാഥ്റസിൽ ഒരു പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ അമിത് ഷാ എന്തുകൊണ്ട് മൗനം പാലിച്ചു' -മമത ബാനർജി ചോദിച്ചു.
ബി.ജെ.പി പ്രവർത്തകന്‍റെ മാതാവ് 85കാരിയായ ശോവ മജൂംദാറാണ് കഴിഞ്ഞ ദിവസം മരിച്ചത്. തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് വൃദ്ധ മരിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം. മജൂംദാർ കുടുംബത്തിനേറ്റ മുറിവും േവദനയും മമതയെ ദീർഘകാലം പിന്തുടരുമെന്ന് അമിത് ഷാ പറഞ്ഞു. 'ബംഗാളിന്‍റെ മകൾ ശോവ മജൂംദാറിനെ തൃണമൂൽ ഗുണ്ടകൾ ക്രൂരമായി മർദിച്ചത് അതീവ വേദനയുണ്ടാക്കുന്നു. അവരുടെ കുടുംബത്തിന്‍റെ വേദനയും മുറിവുകളും ദീർഘകാലം മമതയെ പിന്തുടരും. അക്രമരഹിതമായ നാളേക്ക് വേണ്ടി ബംഗാൾ പോരാടും. നമ്മുടെ സഹോദരിമാർക്കും അമ്മമാർക്കും സുരക്ഷിതമായ സംസ്ഥാനത്തിനുവേണ്ടി ബംഗാൾ പോരാടും' -അമിത് ഷാ പറഞ്ഞു.
ബി.ജെ.പി പ്രവർത്തകന്‍റെ മാതാവായതിനാലാണ് ശോവ മജൂംദാറിന്‍റെ ജീവൻ നഷ്ടമായതെന്നായിരുന്നു ജെ.പി നഡ്ഡയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.