അതെന്റെ ഐഡിയ ആയിരുന്നു -ഹേ റാം സിനിമയെടുത്തത് ഗാന്ധിജിയോട് മാപ്പു പറയാനാണെന്ന് കമൽ ഹാസൻ
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെത്തിയ നടൻ കമൽ ഹാസൻ താൻ ഗാന്ധിജിയുടെ ആരാധകനായി മാറിയതിനെ കുറിച്ച് രാഹുൽ ഗാന്ധിയോട് മനസു തുറക്കുന്നുണ്ട്.
എന്റെ പിതാവ് ഒരു കോൺഗ്രസുകാരനായിരുന്നു. കൗമാരകാലത്ത് എന്റെ സാമൂഹിക പശ്ചാത്തലം മഹാത്മ ഗാന്ധിയുടെ മുഖ്യ വിമർശകനായിരുന്നു ഞാൻ. 24-25 വയസായപ്പോൾ ഗാന്ധി ആരാണെന്ന് ഞാൻ കണ്ടെത്തി. വർഷങ്ങൾ വേണ്ടി വന്നു അദ്ദേഹത്തെ പൂർണമായി മനസിലാക്കാൻ. അങ്ങനെ ഞാനൊരു ഗാന്ധി ഫാനായി മാറി. ഹേ റാം സിനിമയെ കുറിച്ച് തീരുമാനിച്ചപ്പോൾ ആദ്യം ഗാന്ധി വധത്തെ കുറിച്ച് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ സ്വയം തിരുത്തി മാപ്പുപറയുകയായിരുന്നു. വിമർശനത്തിന്റെ ഏറ്റവും മോശമായ രൂപമാണ് കൊലപാതകമെന്നാണ് താൻ മനസിലാക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.
രാജ്യത്തെ മതസൗഹാർദത്തെ കുറിച്ചും കമൽ വാചാലനായി. എത്ര തന്നെ തടസ്സമുണ്ടായാലും സമാധാനം മറനീക്കി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്, ഹിന്ദി ഭാഷകളിലായി 2000ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ഹേ റാം. കമൽ ഹാസൻ തിരക്കഥയെഴുതി നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം ധാരാളം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഗോഡ്സെയുടെ വെടിയേറ്റു വീണ ഗാന്ധി ഹേ റാം എന്നാണ് അവസാനമായി ഉച്ചരിച്ചത് എന്നാണ് പറയപ്പെടുന്നത്. ഈ സിനിമയിൽ ഗാന്ധിയായി വേഷമിടുന്ന കഥാപാത്രം ഹേ റാം എന്ന് ഉച്ചരിക്കാതെയാണ് മരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.