കൂപ്പുകുത്തി ഇന്ത്യയുടെ ജി.ഡി.പി; ഇതാണ് കാരണം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ച രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ദീപാവലി-ധന്തേരാസ് തുടങ്ങിയ ആഘോഷങ്ങളും ഭവനം, വാഹനങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ധാരാളമായി വാങ്ങുന്ന അവസരങ്ങളും ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവ സീസണിനെ ഉൾക്കൊള്ളുന്നതിനാൽ കഴിഞ്ഞ പാദത്തിൽ ജി.ഡി.പിയിൽ കുത്തനെയുള്ള ഇടിവ് കൂടുതൽ ആശങ്കാജനകമാണ്.
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (2024 ജൂലൈ-സെപ്റ്റംബർ) ജി.ഡി.പിയിൽ മാന്ദ്യം ഉണ്ടാകുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നുവെങ്കിലും രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ച 6.5 ശതമാനമായി ഉയരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നതിനാൽ കുത്തനെയുള്ള ഇടിവ് ഞെട്ടിച്ചിരിക്കുകയാണ്.
ഈ വർഷം ഒക്ടോബറിൽ നടന്ന റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ രണ്ടാം പാദത്തിലെ ജി.ഡി.പി വളർച്ച 7 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.1 ശതമാനമായി കണക്കാക്കിയിരുന്നു. ഈ വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ അത് 5.4 ശതമാനമായി കുറഞ്ഞു. യഥാർഥത്തിൽ എന്താണ് സംഭവിച്ചത്?
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായകമായ ഉൽപാദനമേഖലയിലെ മാന്ദ്യമാണ് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം സെപ്റ്റംബറിൽ രാജ്യത്തിന്റെ ജി.ഡി.പിയിൽ ഉൽപാദന മേഖലയുടെ പങ്ക് മെച്ചപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത സർക്കാറിന്റെ പ്രധാന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ’ ആരംഭിച്ചതിന്റെ 10ാം വാർഷികം രാജ്യം ആഘോഷിച്ചു. എന്നിട്ടും നിർമാണത്തിന്റെ വിഹിതം പത്തു വർഷം മുമ്പുള്ള അതേ നിലവാരത്തിൽ തന്നെ തുടർന്നു എന്നതാണ് വിരോധാഭാസം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തൊഴിൽ സൃഷ്ടിക്കുന്നതിൽ നിർണായകമായ നിർമാണ മേഖല നയരൂപകർത്താക്കളുടെ പട്ടികയിലെ അപ്രസ്കത ഇനമായി തുടരുന്നു എന്നതാണ്.
ഉൽപാദനം മാത്രമല്ല ഖനനം, ക്വാറികൾ തുടങ്ങിയ ആഭ്യന്തര ഘടകങ്ങളും കയറ്റുമതി കുറയുന്നത് പോലുള്ള ബാഹ്യ ഘടകങ്ങളും വളർച്ചാ പാതയെ താളം തെറ്റിച്ചതായി ചൂണ്ടിക്കാണിക്കുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക ഡേറ്റ കാണിക്കുന്നത്, ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പിയുടെ 26 ശതമാനവും റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ, വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, കമ്യൂണിക്കേഷൻ എന്നിവയിലാണെന്നാണ്. പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ 18 ശതമാനവും പബ്ലിക് അഡ്മിനിസ്ട്രേഷൻ, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവയിൽ 16 ശതമാനവും. അതായത് രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിയുടെ 60 ശതമാനവും ഈ മൂന്ന് സേവന മേഖലകളിൽ മാത്രമായിരുന്നു എന്ന് സാരം.
കൃഷി, കന്നുകാലി, വനം, മത്സ്യബന്ധനം എന്നിവ ഉൾപ്പെടുന്ന ഫാം മേഖലയിൽ 14 ശതമാനമാണ് വിഹിതം. ഉൽപ്പാദനമേഖലയിലാവട്ടെ ഈ വർഷം ജൂലൈ-സെപ്റ്റംബർ കാലയളവിൽ കേവലം 8 ശതമാനമാണ്. നിർമാണ മേഖലയിൽ എട്ടു ശതമാനവും ഖനനം, ക്വാറിയിങ് രണ്ടു ശതമാനവും ഇലക്ട്രിക്, ഗ്യാസ്, ജലം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയിൽ രണ്ടു ശതമാനവുമാണ് ജി.ഡി.പി വിഹിതം.
ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പുറമെ, ഇന്ത്യയുടെ കയറ്റുമതി വളർച്ചയും ഈ കാലയളവിൽ കുത്തനെ ഇടിഞ്ഞു. കയറ്റുമതി വളർച്ച കഴിഞ്ഞ ഇതേ കാലയളവിലെ 5 ശതമാനത്തിൽനിന്ന് ഈ വർഷം ജൂലൈ-സെപ്റ്റംബറിൽ വെറും 2.8 ശതമാനമായി കുറഞ്ഞു. കയറ്റുമതി വളർച്ചയിലെ തുടർച്ചയായ ഇടിവ് കൂടുതൽ കടുപ്പമുള്ളതാണ്. കയറ്റുമതി വളർച്ച ഈ വർഷം ഏപ്രിൽ-ജൂണിലെ ഉയർന്ന 8.7 ശതമാനത്തിൽ നിന്ന് ജൂലൈ-സെപ്റ്റംബറിൽ വെറും 2.8 ശതമാനമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.