എന്തുകൊണ്ടാണ് എൻ.ടി.എ മേധാവിയെ തൊടാൻ പേടി? യു.പി.എസ്.സി ചെയർമാൻ രാജിവെച്ചതിനു പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ വിവാദത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മേധാവിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ ജയ്റാം രമേശ്. ''2014 മുതൽ എല്ലാ ഭരണഘടന സ്ഥാപനങ്ങളുടെയും പവിത്രത, സ്വഭാവം, സ്വയം ഭരണാധികാരം, പ്രഫഷണലിസം എന്നിവക്ക് വലിയ കോട്ടം സംഭവിച്ചിരിക്കുന്നു. എന്നാൽ എല്ലാതവണം സ്വയം ഭൂവായ പ്രധാനമന്ത്രി ഇതൊക്കെ മതിയെന്ന് പറയാൻ നിർബന്ധിതനായിരിക്കുകയാണ്.''-എന്നാണ് ജയ്റാം രമേശ് എക്സിൽ കുറിച്ചത്.
തന്റെ ഇഷ്ടക്കാരിൽ ഒരാളെയാണ് പ്രധാനമന്ത്രി 2017ൽ യു.പി.എസ്.സി അംഗമായി പ്രതിഷ്ഠിച്ചത്. എന്നാൽ വിവാദം വന്നതോടെ യു.പി.എസ്.സി അംഗത്തിന് രക്ഷയില്ലാതായി. യു.പി.എസ്.സി ചെയർമാൻ മനോജ് സോണിയെ ആണ് ജയ്റാം രമേശ് ലക്ഷ്യം വെച്ചത്. കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് മനോജ് സോണി യു.പി.എസ്.സി ചെയർമാൻ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകിയ രാജിക്കത്തിൽ അദ്ദേഹം സൂചിപ്പിച്ചത്. 2023 മേയ് 16നാണ് മനോജ് സോണി യു.പി.എസ്.സി ചെയർമാനായി ചുമതലയേറ്റത്. 2029 മേയ് 15നാണ് കാലാവധി അവസാനിക്കുന്നത്. പൂജ ഖേദ്കറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി എന്നതും ശ്രദ്ധേയം.
''2017ലാണ് മോദി ഗുജറാത്തിൽ നിന്നുള്ള തന്റെ പ്രിയപ്പെട്ട അക്കാദമിക്സിനെ യു.പി.എസ്.സി അംഗമായി നിയമിച്ചത്. എന്നാൽ കാലാവധി കഴിയാൻ അഞ്ചുവർഷം ബാക്കി നിൽക്കേ, ഈ മാന്യദേഹം രാജിവെച്ചിരിക്കുന്നു.'-ജയ്റാം രമേശ് കുറിച്ചു.
രാജിക്ക് എന്തുതന്നെ കാരണം പറഞ്ഞാലും യു.പി.എസ്.സിയുടെ വിശ്വാസ്യത പോലും തകർക്കുന്ന രീതിയിൽ ഇപ്പോഴുയർന്നു വന്ന വിവാദത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാനാവില്ല. അദ്ദേഹത്തെ പോലുള്ള അനവധി മാന്യദേഹങ്ങൾ ഈ സംവിധാനത്തെ കൂടുതൽ 'ജനകീയ'മാക്കിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് എൻ.ടി.എ ചെയർമാനെ തൊടാൻ മടിക്കുന്നത്.'-ജയ്റാം രമേശ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.