കെ -ഫോണിൽ വിമർശനവുമായി കേന്ദ്രം ചൈന കേബിൾ എന്തിന് ?
text_fieldsഹസനുൽ ബന്ന
ന്യൂഡൽഹി: കേരളത്തിന്റെ കെ-ഫോൺ പദ്ധതിക്ക് ആവശ്യമായ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്ത്യയിൽ യഥേഷ്ടം ലഭ്യമായിട്ടും ചൈനയിൽനിന്ന് വാങ്ങാനുള്ള സമ്മർദവും കാരണവുമെന്താണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ. നരേന്ദ്ര മോദി സർക്കാർ ഒമ്പതുവർഷം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വാർത്തസമ്മേളനത്തിലാണ് കെ-ഫോൺ പദ്ധതിക്ക് കേരളം ചൈനയിൽനിന്ന് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇറക്കുമതി ചെയ്തതിനെ വിമർശിച്ചത്. ഇന്ത്യയിൽ നിരവധി കമ്പനികൾ ഉല്പാദിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഉണ്ടായിരിക്കേയാണ് ചൈനീസ് കേബിൾ വാങ്ങിയതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കെ-ഫോണിനായുള്ള ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമാണ്. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സര്ക്കാർ വ്യക്തമാക്കണം. സുരക്ഷ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്ന് മന്ത്രി ഓർമിപ്പിച്ചു. ചൈനയുമായി ബന്ധപ്പെട്ട് പ്രത്യേകമായ ഒരു നയവും കേന്ദ്ര സർക്കാറിനില്ല എന്ന് മന്ത്രി തുടർന്നു. കേന്ദ്ര നയം ഏതെങ്കിലും ഒരു രാജ്യത്തിനെതിരുമല്ല. എന്നാൽ, വിവരസാങ്കേതിക വകുപ്പിൽനിന്ന് തനിക്ക് ലഭിച്ച വിവരം അനുസരിച്ച് കേരളത്തിലെ കെ-ഫോണിന് ചൈനയിൽനിന്ന് കേബിൾ ഇറക്കുമതി ചെയ്യേണ്ട ഒരു കാര്യവുമില്ലായിരുന്നു. ആഭ്യന്തര വിപണിയിൽ യഥേഷ്ടം ലഭ്യമായ ഉൽപന്നമാണ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ. രാജ്യത്ത് നിരവധി പ്ലാന്റുകളിൽ ഈ കേബിളുണ്ടാക്കുന്നുണ്ട്. അതിനാൽ ചൈനയിൽ നിന്ന് ഇവ വാങ്ങാനുള്ള സമ്മർദവും കാരണവുമെന്താണെന്ന് ബന്ധപ്പെട്ടവർതന്നെ പറയണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.